Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടി.സി നൽകാൻ ഒരു ലക്ഷം രൂപ:  സ്വകാര്യ സ്‌കൂളിനെതിരെ പ്രതിഷേധം

നിലമ്പൂർ പാലുണ്ടയിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർഥി സംഘടനകൾ നടത്തിയ ഉപരോധ സമരം.

എടക്കര- പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികൾക്ക് ടി.സി നൽകുന്നതിന് ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട പാലുണ്ടയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് ശ്രമിച്ച ആറ് കുട്ടികളോടാണ് സ്‌കൂൾ അധികൃതർ പണം ആവശ്യപ്പെട്ടത്. പാലുണ്ട ഗുഡ് ഷെപ്പേർഡ് സ്‌കൂളിനെതിരെയാണ് ആറ് രക്ഷിതാക്കളും കുട്ടികളും പരാതിയുമായി രംഗത്തെത്തിയത്. 
23 കുട്ടികളാണ് ഇവിടെ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത്. ഇതിൽ ആറ് പേർ പ്ലസ് വൺ പ്രവേശനത്തിന് സർക്കാർ സ്‌കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചു. ഏകജാലക സംവിധാനം വഴി ഇവർ അപേക്ഷ കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ടി.സി വാങ്ങാനായി കഴിഞ്ഞ ദിവസം പാലുണ്ട 
സ്‌കൂളിലത്തെിയപ്പോഴാണ് പ്ലസ് വണിനും സ്‌കൂളിൽ തന്നെ തുടരണമെന്നും അല്ലാത്തപക്ഷം ഒരു ലക്ഷം രൂപ നൽകേണ്ടി വരുമെന്നും നിബന്ധന വെച്ചത്. പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾ ഹയർ സെക്കൻഡറി പഠനവും സ്‌കൂളിൽ തുടരണമെന്നതാണ് നിബന്ധനയെന്ന് സ്‌കൂൾ മാനേജ്‌മെന്റ് പറയുന്നു. 2000 ൽ ആരംഭിച്ച പ്ലസ് ടു തലം 2010 ൽ നിർത്തേണ്ടിവന്നിരുന്നു. ശേഷം 2016-17 അധ്യയന വർഷത്തിലാണ് സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം പുനരാരംഭിക്കുന്നത്. അന്ന് പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ പ്ലസ്ടു വരെ ഇതേ സ്‌കൂളിൽ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തതാണ്. അല്ലാത്ത പക്ഷം രണ്ട് വർഷത്തെ ഫീസ് അടച്ചാൽ മാത്രമേ ടി.സി അനുവദിച്ച് തരികയുള്ളൂവെന്ന് അവർക്ക് മുമ്പാകെ നിബന്ധന വെച്ചിരുന്നു. സ്‌കൂളിന്റെ പ്രോസ്‌പെക്ടസിലും ഇതു സംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ച് പ്രവേശനം നേടിയവരാണ് ഇപ്പോൾ പ്രശ്‌നങ്ങളുമായി വന്നിട്ടുള്ളതെന്ന് മാനേജ്‌മെന്റ് പറയുന്നു. കഴിഞ്ഞ മാർച്ചിൽ ടി.സി ആവശ്യപ്പെട്ട് വന്നപ്പോഴും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ, രണ്ടര മാസം സമയം ലഭിച്ചിട്ടും കോടതിയിൽനിന്ന് തങ്ങൾക്കനുകൂലമായ വിധി സമ്പാദിക്കാൻ അവർക്കായിട്ടില്ലെന്നും സ്‌കൂൾ മാനേജർ ജോർജ് ഫിലിപ് കളരിക്കൽ പറഞ്ഞു. എന്നാൽ തങ്ങളുടെ മക്കൾ എവിടെ പഠിക്കണമെന്ന് തീരുമാനിക്കേണ്ടത് സ്‌കൂൾ മാനേജ്‌മെന്റല്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.
അതിനിടെ, മാനേജ്‌മെന്റ് നിലപാടിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി, യുവജന സംഘടനകൾ രംഗത്തെത്തി. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, എം.എസ്.എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്‌കൂൾ ഓഫീസ് ഉപരോധിച്ചത്. ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു സമരം. 

Latest News