കൊച്ചി - സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്നുകൾ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനി ആലുവ റേഞ്ച് എക്സൈസിന്റെ പിടിയിലായി. 'സ്നിപ്പർ ഷേക്ക്' എന്നറിയപ്പെടുന്ന മുഹമ്മദ് സിദ്ദിഖി (22) നെയാണ് ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് 120 എണ്ണം നൈട്രോസെപാം മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ഈ മാസം ആദ്യം സേലത്തുനിന്ന് മയക്കുമരുന്ന് കടത്തിയിരുന്ന രണ്ട് യുവാക്കളെ 90 നൈട്രോസെപാം ഗുളികകളുമായി ആലുവ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവരുടെ ബോസ് ആയ സ്നിപ്പർ ഷേക്ക് എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷത്തിലായിരുന്നു.
സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള ഇയാൾ അവിടെനിന്ന് വൻതോതിൽ മയക്ക് മരുന്നുകൾ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കയാണ് ചെയ്തിരുന്നത്. ഇതിന് ഇയാൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാർ ഉള്ളതായും പറയുന്നു. സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് പ്രധാനമായും ഇയാളുടെ ഇരകൾ. ഇത്തരക്കാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ടെസ്റ്റ് ഡോസ് എന്ന രീതിയിൽ ആദ്യം സൗജന്യമായി മയക്കു മരുന്ന് നൽകി വലയിലാക്കും. ഇയാളുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചതിൽ വിദ്യാർഥിനികളും വീട്ടമ്മമാരും വരെ ഇയാളുടെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് നൽകുന്ന സൂചന.
ആലുവയിലുള്ള കോളേജുകൾ കേന്ദ്രികരിച്ച് വൻ ലഹരി മാഫിയ സംഘം തമ്പടിച്ചിട്ടുണ്ടെന്ന് നേരത്തേ തന്നെ എക്സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നുള്ള ഷാഡോ ടീമിന്റെ അന്വേഷണം എത്തിച്ചേർന്നതും ഇതേ സ്നിപ്പർ ഷേക്കിൽ തന്നെയായിരുന്നു. ആലുവയിലെ ഇയാളുടെ ഏജന്റിന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ യു.സി കോളേജിന് സമീപം നിൽക്കുകയായിരുന്ന ഇയാളെ എക്സൈസ് ഷാഡോ ടീം കൈയോടെ പിടികൂടുകയായിരുന്നു. മാരക ലഹരിയിലായിരുന്ന ഇയാൾ അൽപസമയം പരിഭ്രാന്തി പരത്തിയെങ്കിലും, ഷാഡോ ടീം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം കടക്കാവൂർ സ്വദേശിയായ ഇയാൾ ഇപ്പോൾ കാക്കനാട് അത്താണിയിൽ സ്ഥിരതാമസമാണ്. ആലുവ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
പ്രതിയിൽനിന്ന് മയക്കുമരുന്നുകൾ വാങ്ങുന്നവർ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ചെറുപ്പക്കാർക്കിടയിൽ ലഹരി ഗുളികകളുടെ ആശങ്കകരമായ വർധനവിന്റെ സൂചനയാണ് ഇതെന്നും, മറ്റുള്ളവർ അറിയാത്ത രീതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമെന്നതിനാലാണ് ഇത്തരം ലഹരിയിലേക്ക് യുവാക്കൾ തിരിയുന്നതിന്റെ പ്രധാന കാരണമെന്നും ഇൻസ്പെക്ടർ ടി.കെ. ഗോപി പറഞ്ഞു.