കൊച്ചി - വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി കോടികൾ കൈക്കലാക്കിയ ദമ്പതികൾ അറസ്റ്റിലായി. പുത്തൻവേലിക്കര തുരുത്തിപ്പുറം താണിയത്ത് മനോജ് (42), ഭാര്യ സവിത (33) എന്നിവരെയാണ് പുത്തൻവേലിക്കര എസ്.ഐ വി.എസ് അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇറ്റലി, പോർച്ചുഗൽ, അർമീനിയ, ട്രിനിഡാഡ് ആന്റ ടൊബാഗോ എന്നീ രാജ്യങ്ങളിൽ വലിയ ശമ്പളമുള്ള ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആറും ഏഴും ലക്ഷം രൂപ വീതം വാങ്ങിയാണ് ഇവർ നിരവധി പേരെ വിസിറ്റിംഗ് വിസയിൽ കൊണ്ടുപോയത്. വിസിറ്റിംഗ് വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് അവിടെ സ്ഥിരതാമസത്തിനും ജോലിക്കുമുള്ള സംവിധാനങ്ങൾ ചെയ്യുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വിദേശത്ത് എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇരകൾ അറിയുന്നത്. പ്രതികളുമായി ബന്ധമുള്ള ചിലർക്കാണ് വിദേശത്ത് വിസയും ജോലിയും സംഘടിപ്പിച്ചു നൽകാനുള്ള ചുമതല. ഇവർ കൈമലർത്തിയതോടെ വിസിറ്റിംഗ് വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പേ ജോലി തേടി പോയവർക്ക് തിരിച്ചു പോരേണ്ടിവന്നു.
പുത്തൻവേലിക്കര സ്വദേശികൾ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുത്തൻവേലിക്കര, മാള, അങ്കമാലി മേഖലകളിലുള്ള നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പുത്തൻവേലിക്കര സ്റ്റേഷനിൽ മാത്രം തട്ടിപ്പിനിരയായ പത്തിലേറെ പേർ പ്രതികൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വിദേശത്തുള്ള പങ്കാളികൾ ചതിച്ചുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ നൽകിയ മൊഴി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കേസിൽ വിദേശത്തുള്ള പങ്കാളികളും പ്രതികളാകും. ഇവരിലൊരാൾ നാട്ടിൽ എത്തി മുങ്ങിയതായാണ് വിവരം.