Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നടപ്പുവര്‍ഷം 3600 കോടി റിയാല്‍

റിയാദ് - സ്വകാര്യ മേഖലക്കുള്ള ഉത്തേജന പദ്ധതി 2021 നു ശേഷവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വകാര്യ മേഖലാ ഉത്തേജന ഓഫീസ് സി.ഇ.ഒ നായിഫ് അൽറശീദ് പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം ഉത്തേജന പദ്ധതി 2021 ൽ അവസാനിക്കും. എന്നാൽ പദ്ധതി ദീർഘിപ്പിക്കുന്നതിനെ കുറിച്ച് സർക്കാർ പഠിച്ചുവരികയാണ്. ഉത്തേജന പദ്ധതിക്കു വേണ്ടി ഈ വർഷം 3600 കോടി റിയാലാണ് നീക്കിവെച്ചിരിക്കുന്നത്. 


കഴിഞ്ഞ കൊല്ലം 4000 കോടി റിയാൽ ചെലവഴിച്ചു. അടുത്ത കൊല്ലം 2200 കോടി റിയാലും 2021 ൽ 2500 കോടി റിയാലും ചെലവഴിക്കും. സ്വകാര്യ മേഖലക്ക് ഉത്തേജനം നൽകുന്നതിന് ആകെ 20,000 കോടി റിയാലാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിൽ 7700 കോടി റിയാൽ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകളിൽ നിക്ഷേപം നടത്തുന്നതിനും വ്യവസായ വികസന നിധി മൂലധനം ഉയർത്തുന്നതിനും മറ്റും പ്രയോജനപ്പെടുത്തും. ലെവി കുടിശ്ശിക ഇനത്തിലെ ധനസഹായമായി 1150 കോടി റിയാൽ നീക്കിവെച്ചിട്ടുണ്ട്. 
2021 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് 15,000 കോടി റിയാൽ സംഭാവന ചെയ്യുന്നതിന് ഉത്തേജന പദ്ധതി സഹായകമാകും. പദ്ധതിയുടെ പ്രയോജനം 3,13,000 കമ്പനികൾക്ക് ലഭിക്കും. സൗദിയിൽ സജീവമായി പ്രവർത്തിക്കുന്ന ആകെ കമ്പനികളുടെ 70 ശതമാനമാണിത്. 86,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉത്തേജന പദ്ധതി സഹായകമാകുമെന്നും നായിഫ് അൽറശീദ് പറഞ്ഞു. 2017 അവസാനത്തിൽ പ്രഖ്യാപിച്ച ഉത്തേജന പദ്ധതിയുടെ ഭാഗമായി പതിമൂന്നിലേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
 

Latest News