Sorry, you need to enable JavaScript to visit this website.

പുതു ജീവിതത്തിലേക്ക് ചുവടുവെച്ച് എടക്കരയിലെ കുഞ്ഞ്

ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞ് രക്ഷിതാക്കൾക്കൊപ്പം.

കൊച്ചി- പുതിയ ജീവിതവുമായി കുഞ്ഞു മാലാഖ നാട്ടിലേക്ക് മടങ്ങി. മലപ്പുറം എടക്കര സ്വദേശികളുടെ പിഞ്ചു കുഞ്ഞാണ് വിജയകരമായ ഹൃദ്രോഗ ചികിൽസയ്ക്കു ശേഷം മാതാവിനും ബന്ധുക്കൾക്കുമൊപ്പം നാട്ടിലേക്ക് മടങ്ങിയത്. 
ഈ മാസം എട്ടിനാണ് എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ സംശയം തോന്നിയതിനെ തുടർന്ന് അന്നുതന്നെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിൽ കുഞ്ഞിന് ഗുരുതരമായ ഹൃദ്രോഗം ആണെന്ന് വ്യക്തമായി. ഇതോടെ കുഞ്ഞിനെ എറണാകുളം ലിസി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിക്ക് ഹൃദയത്തിന്റെ വലത്തെ അറയിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന വാൽവും രക്തക്കുഴലും ഇല്ലായിരുന്നു. കൂടാതെ ഹൃദയത്തിന്റെ താഴത്തെ അറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭിത്തിയിൽ ദ്വാരവും ഉണ്ടായിരുന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സമയോചിതമായ ഇടപെടലിനെത്തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടിക്ക് ലിസി ആശുപത്രിയിൽ ചികിൽസ ഒരുക്കിയത്. രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് ജനിച്ചതിന്റെ തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച തന്നെ അടിയന്തരമായി ഹൃദ്രോഗ ചികിൽസയ്ക്ക് വിധേയമാക്കുകയായിരുന്നു.
ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്കുള്ള കുഴൽ സ്റ്റെന്റ് ഉപയോഗിച്ച് വികസിപ്പിക്കുകയാണ് ചെയ്തത്. ഒരു ദിവസം മാത്രം പ്രായമുള്ള കുട്ടിയിൽ ഈ ചികിത്സ വലിയ വെല്ലുവിളിയായിരുന്നെന്നും ഇനി ആറുമാസങ്ങൾക്കു ശേഷം രണ്ടാംഘട്ട ശസ്ത്രക്രിയ നടത്തുമെന്നും ചികിൽസയ്ക്ക് നേതൃത്വം നൽകിയ ഡോ.എഡ്വിൻ ഫ്രാൻസിസ് പറഞ്ഞു. 
കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് കുട്ടിയെ ആശുപത്രിയിൽ നിന്നും യാത്രയാക്കിയത്. ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ, അസി. ഡയറക്ടർ ഫാ.ജെറി ഞാളിയത്ത്, ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ഡോ.റോണി മാത്യു കടവിൽ, ഡോ.ജേക്കബ് എബ്രഹാം തുടങ്ങിയവരും ആശുപത്രി ജീവനക്കാരും കുട്ടിയെ യാത്രയയക്കുന്ന ചടങ്ങിൽ പങ്കെടുത്തു.

Latest News