Sorry, you need to enable JavaScript to visit this website.

ബി.ജെ.പി തകരുമെന്ന് ലീക്കായ  എക്‌സിറ്റ് പോള്‍ സര്‍വേ 

ന്യൂദല്‍ഹി- ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചയാണെന്ന് സൂചന നല്‍കുന്ന ഇന്ത്യാ ടുഡേയുടെ സര്‍വ്വേ ഫലം ലീക്കായെന്ന് റീപ്പോര്‍ട്ട്. മെയ് 19 ന് പുറത്തിറങ്ങാനിരുന്ന ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തിന്റെ വിവരങ്ങളാണ് ലീക്കായതായി കണക്കാക്കപ്പെടുന്നത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യാ ടുഡേ ചാനലിന്റെ ന്യൂസ് ഡറക്ടര്‍ രാഹുല്‍ കന്‍വാല്‍ സര്‍വ്വേ ഫലം സംബന്ധിച്ച വിവരങ്ങള്‍ മെയ് 19 ന് പുറത്തുവരും എന്ന് വ്യക്തമാക്കുന്ന വീഡിയോയിലാണ് അബദ്ധത്തില്‍ ചില വിവരങ്ങള്‍ പുറത്തായത്. വീഡിയോയില്‍ ബിജെപി വന്‍ തകര്‍ച്ചയാണ് നേരിടാന്‍ പോകുന്നതെന്നാണ് സൂചന. വീഡിയോയില്‍ കാണുന്ന കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ബിജെപി 177 സീറ്റില്‍ ഒതുങ്ങുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. യുപിഎ 141 സീറ്റുകളിലും മറ്റുള്ളവര്‍ക്ക് 224 സീറ്റുകളുമാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. 
അതിന് മുന്‍പ് രാഹുല്‍ കന്‍വാല്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. '2017 ല്‍ യുപിയില്‍ ബിജെപി ലീഡ് ചെയ്യുമെന്ന് ഞങ്ങള്‍ പറഞ്ഞു, അത് സംഭവിച്ചു. ഗോവയിലും ഞങ്ങള്‍ പ്രവചിച്ചു, മേഘാലയയില്‍ തൂക്കുസഭയാകുമെന്നും ഞങ്ങള്‍ പ്രവചിച്ചു, അതും സംഭവിച്ചു, ഇന്ത്യാ ടുഡേ ആക്‌സിസ് പോള്‍ സര്‍വ്വേകള്‍ 95 ശതമാനവും ശരിയായിട്ടുണ്ട്. ഇത്തവണ ഇന്ത്യയിലെ 7 ലക്ഷം പേര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. ബിഗ് ബോസ് ഓഫ് എക്‌സിറ്റ് പോള്‍സ്' എന്നായിരുന്നു ട്വീറ്റ്. 543 അംഗ ലോക്‌സഭയില്‍ 282 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇത്തവണ പക്ഷേ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പരമാവധി പ്രാദേശിക പാര്‍ട്ടികളെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും സജീവമാക്കിയിട്ടുണ്ട്

Latest News