ബോഫോഴ്‌സ് കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയുള്ള ഹരജി സിബിഐ പിന്‍വലിച്ചു

ന്യദല്‍ഹി- രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ബോഫോഴ്‌സ് ആയുധ ഇടപാടിലെ അഴിമതി ആരോപണത്തില്‍ തുടരന്വേഷണത്തിന് അനുമതി തേടി ദല്‍ഹിയിലെ കോടതിയില്‍ സമര്‍പിച്ച അപേക്ഷ സിബിഐ പിന്‍വലിച്ചു. പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി 2018 ഫെബ്രുവരിയിലാണ് സിബിഐ തുടരന്വേഷണത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ അപേക്ഷ പിന്‍വലിക്കാനാണ് തീരുമാനമെന്ന് സിബിഐ വ്യാഴാഴ്ച ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞു. സിബിഐക്കു മാത്രമറിയാവുന്ന കാരണങ്ങളാല്‍ ഈ അപേക്ഷ പിന്‍വലിക്കണമെന്നാണ് സിബിഐ നിലപാട്. അപേക്ഷകര്‍ അവരായതിനാല്‍ അതിനുള്ള അവകാശമുണ്ടെന്ന് ജഡ്ജി പറഞ്ഞു. ഈ കേസില്‍ ഇനിയും എന്തിനാണ് അന്വേഷണമെന്ന് കോടതി ഡിസംബറില്‍ സിബഐയോട് ചോദിച്ചിരുന്നു.

ബോഫോഴ്‌സ് കേസിലെ എല്ലാ പ്രതികളേയും കുറ്റവികുമക്തരാക്കി 2005 മേയ് 31-ന് ദല്‍ഹി ഹൈക്കോടതി അന്തിമ വിധി പറഞ്ഞതാണ്. ഇതിനെ ചോദ്യം ചെയ്തും സിബിഐ 2018 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഈ ഹരജി തള്ളുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സിബിഐ 13 വര്‍ഷം കാത്തിരുന്നതിനേയും സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു.
 

Latest News