Sorry, you need to enable JavaScript to visit this website.

പുത്തൻ പ്രതീക്ഷകളുമായി പ്രിവിലേജ്ഡ് ഇഖാമ

പ്രവാസ ലോകത്ത് പ്രതീക്ഷയുടെ പൊൻകിരണങ്ങൾ സമ്മാനിക്കുന്നതാണ് സൗദി അറേബ്യ പ്രഖ്യാപിച്ച പ്രിവിലേജ്ഡ് ഇഖാമ. ഈ പ്രഖ്യാപനത്തോടെ സൗദി അറേബ്യ വിദേശികളുടെ വാതിലുകൾ ഒന്നുകൂടി മലർക്കെ തുറന്നിരിക്കുകയാണ്. സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുകയും വിദേശികൾക്ക് ലെവി ഏർപ്പെടുത്തുകയും ചെയ്തതോടെ ഇനി സൗദിയിൽ വിദേശികൾക്കിടമില്ലെന്ന ആശങ്ക നിലനിൽക്കേയാണ് അമേരിക്കയുടെ ഗ്രീൻ കാർഡിന് സമാനമായ രീതിയിൽ വിദേശികൾക്ക് ദീർഘകാല താമസ വിസ അനുവദിക്കുന്ന നിയമം പാസാക്കിയിട്ടുള്ളത്. എക്‌സലൻസ് ഇഖാമ നിയമം എന്ന പേരിലുള്ള പുതിയ നിയമത്തിന് നേരത്തെ ശൂറാ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. 
ഇപ്പോൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗം കൂടി അനുമതി നൽകിയതോടെ പുതിയ പദ്ധതി പ്രാവർത്തികമാകുമെന്നുറപ്പായി. 
പ്രിവിലേജ്ഡ് ഇഖാമക്ക് ഉടമയാകാൻ ഒട്ടേറെ നിബന്ധനകളുണ്ടെങ്കിലും ഏറെ പ്രതീക്ഷയോടെയും ആശ്വാസത്തോടെയുമാണ് പ്രവാസ ലോകം ഇതിനെ നോക്കിക്കാണുന്നത്. ദീർഘകാലമായി ഈ രാജ്യത്ത് ജീവിക്കുകയും തുടർന്നും ഇവിടെ തന്നെ ജീവിതം തുടരാനും ആഗ്രഹിക്കുന്നവർക്കും സൗദിയിൽ പുതു ജീവിതം കെട്ടിപ്പടുക്കാൻ ഇഷ്ടപ്പെടുന്നവർക്കും പുതിയ നിയമം സന്തോഷം പകരുന്നതാണ്. സാമ്പത്തിക ശേഷി കുറഞ്ഞ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശക്കു വകയില്ലെങ്കിലും സാമ്പത്തിക ഭദ്രതയുള്ളവർ ഈ ഗണത്തിലെ ഇഖാമക്ക് ഉടമകളാകുമ്പോൾ അതേത്തുടർന്നുണ്ടാകുന്ന തൊഴിൽ സാഹചര്യങ്ങളുടെയും മറ്റും ഗുണകാംക്ഷികളാകാൻ സാധാരണക്കാരായ പ്രവാസികൾക്കും സാധിക്കും. അതിനേക്കാളുമുപരി രാജ്യം ലക്ഷ്യമിടുന്നത് രാജ്യ താൽപര്യവും സാമ്പത്തിക വളർച്ചയുമാണ്. ബിനാമി ബിസിനസ്  ഇല്ലാതാക്കുന്നതിനും വ്യാപാര മേഖലക്ക് ഉണർവേകുന്നതിനും പുതിയ നിയമം ഉപകരിക്കും. 
പദ്ധതി എത്രയും വേഗം നടപ്പാക്കുന്നതിനു വേണ്ടിയാണ് ഇതിനായി പ്രിവിലേജ്ഡ് ഇഖാമ സെന്റർ എന്ന പേരിൽ പ്രത്യേക കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. സെന്ററിന് മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിന് മന്ത്രിസഭാ ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.
രാജ്യത്തുള്ളവരും അല്ലാത്തവരുമായ വിദേശികളെ പദ്ധതിക്കു കീഴിൽ കൊണ്ടുവരുന്നതിനും അവരുടെ സാമ്പത്തിക ഭദ്രത പരിശോധിക്കുന്നതിനും ഇഖാമയുടെ ഫീസ് നിർണയിക്കുന്നതിനും സെന്ററും ഉപസമിതിയും കൂടിയാലോചിച്ചായിരിക്കും പ്രവർത്തിക്കുക. 
ചില വ്യവസ്ഥകൾ ഇതിനകം പ്രഖ്യാച്ചിട്ടുണ്ടെങ്കിലും മറ്റു നിബന്ധനകൾ കൂടി പുറത്തു വരുന്നതോടു കൂടിയായിരിക്കും വിദേശികൾക്ക് ഇതെത്ര കണ്ട് പ്രയോജനപ്പെടുമെന്ന കാര്യം വ്യക്തമാകൂ. എന്തായാലും മൂന്നു മാസത്തിനകം ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള തീരുമാനം കാണിക്കുന്നതു തന്നെ പദ്ധതിക്ക് സർക്കാർ നൽകുന്ന താൽപര്യത്തെയും പ്രാധാന്യത്തെയുമാണ്.
സൗദി പൗരൻമാർക്ക് ലഭിക്കുന്ന സമാനമായ ഒട്ടേറെ ആനുകൂല്യങ്ങളും അവകാശങ്ങളും പ്രയോജനപ്പെടുത്തി സൗദിയിൽ സ്ഥിരമായോ താൽക്കാലികമായോ താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ ലക്ഷ്യമിട്ടാണ് പ്രിവിലേജ്ഡ് ഇഖാമ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ എന്തായാലും വിദേശികളെ ആകർഷിക്കുന്നതാണ്.
കുടുംബത്തിനൊപ്പം സൗദിയിൽ താമസം, താമസ, വ്യാപാര, വ്യവസായ ആവശ്യങ്ങൾക്ക് വീടുകളും കെട്ടിട സമുച്ചയങ്ങളും വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങുന്നതിന് അനുമതി, വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി, ബന്ധുക്കൾക്ക് വിസിറ്റ് വിസ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി, സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലിനും സ്വകാര്യ മേഖലയിൽ ഇഷ്ടാനുസരണം തൊഴിൽ മാറുന്നതിനുമുള്ള അനുമതി, സൗദിയിൽ നിന്ന് പുറത്തു പോകുന്നതിനും രാജ്യത്തേക്ക് മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എമിഗ്രേഷൻ കേന്ദ്രങ്ങളിൽ സൗദികൾക്കുള്ള കൗണ്ടറുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി തുടങ്ങിയ ആനുകൂല്യങ്ങൾ പ്രിവിലേജ്ഡ് ഇഖാമക്കാർക്ക് ലഭിക്കത്തക്ക വിധത്തിലാണ് നിയമം ഭേദഗതി ചെയ്തിട്ടുള്ളത്. സ്വദേശിവൽക്കരിച്ച മേഖലകളിലൊഴികെ വിസാ ഉടമകളെ പോലെ കുടുംബാംഗങ്ങൾക്കും തൊഴിൽ തേടുന്നതിനും തൊഴിൽ മാറുന്നതിനുള്ള സ്വാതന്ത്ര്യവും നിയമം അനുശാസിക്കുന്നു. പ്രിവിലേജ്ഡ് ഇഖാമ ഇനത്തിൽ രണ്ടു തരം  ഇഖാമ അനുവദിക്കാനാനാണ് ഉദ്ദേശിക്കുന്നത്. 
കാലാവധി പ്രത്യേകം നിർണയിക്കാത്തതും ഓരോ വർഷവും പുതുക്കാവുന്നതുമായ ഇഖാമകൾ. പുറമെ നിന്നുള്ള  അപേക്ഷകനാണെങ്കിൽ 21 വയസ്സ് പൂർത്തിയായിരിക്കൽ, മതിയായ സാമ്പത്തിക സ്ഥിതി, കാലാവധിയുളള പാസ്‌പോർട്ട്, പകർച്ചവ്യാധികളിൽനിന്ന് മുക്തരായിരിക്കൽ തുടങ്ങിയ നിബന്ധനകൾ ബാധകമാണ്. സൗദി അറേബ്യക്കകത്തുള്ള അപേക്ഷകരാണെങ്കിൽ നിയമാനുസൃത ഇഖാമയുണ്ടായിരിക്കൽ നിർബന്ധമാണ്. മുമ്പ് കുറ്റകൃത്യങ്ങളിൽ പ്രതികളായവരാകാനും പാടില്ലെന്നും വ്യവസ്ഥയുണ്ട്. പ്രിവിലേജ്ഡ് ഇഖാമക്കാർക്ക് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും വാങ്ങാമെങ്കിലും മക്ക, മദീന, അതിർത്തി പ്രദേശങ്ങളിൽ ഇതിന് അനുമതിയുണ്ടാവില്ല. സ്ഥിരം ഇഖാമയും താൽക്കാലിക ഇഖാമയും നിർണയിക്കുക ഫീസിനെ അടിസ്ഥാനമാക്കിയായിരിക്കും. 
ഈ ഫീസ് എത്രയായിരിക്കുമെന്നതാണിപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് അനുഗുണമായ ഫീസും ചിട്ടവട്ടങ്ങളുമാവും പുതിയ പദ്ധതി പ്രകാരമുള്ള ഇഖാമ അനുവദിക്കുന്നതിന് നടപ്പാക്കുകയെന്നതിൽ സംശയമില്ല. 
സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങൾക്ക് എന്തായാലും ഈ ആനുകൂല്യത്തിന് അർഹതയുണ്ടാവില്ലെങ്കിലും സൗദിയിൽ നിക്ഷേപം ആഗ്രഹിക്കുന്നവർക്കും സ്ഥിരതാമസം ഇഷ്ടപ്പെടുന്നവർക്കും പുതിയ പദ്ധതി ഗുണകരമാവും.
അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുന്നതിനും മാറി വരുന്ന സാമൂഹിക, സാമ്പത്തിക അന്തരീക്ഷത്തിന് ശക്തി പകരുന്നതിനും ഇതുപകരിക്കുമെന്നതിൽ സംശയമില്ല.
 

Latest News