ജയ്പുര്‍- സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവമുറികളില്‍ ഗായത്രിമന്ത്രം കേള്‍പ്പിക്കാന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി നടപ്പാക്കുക. എന്നാല്‍ തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. മുസ്‌ലിം അവകാശ പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മയ്ക്ക് പരാതി നല്‍കി. ഗായത്രിമന്ത്രം കേള്‍ക്കുന്നത് പ്രസവ വേദന കുറയ്ക്കുമെന്നാണ് ആശുപത്രി അവകാശപ്പെടുന്നതെന്ന് പരാതിക്കാര്‍ മന്ത്രിയെ അറിയിച്ചു.Ja
നിലവില്‍ ജില്ലാ ആശുപത്രിയിലാണ് ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നത്. ഇനി ഇത് ജയ്പുരിലെ 20 ആരോഗ്യകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. പ്രസവവേദന ഒട്ടും അറിയില്ല എന്നതാണ് മന്ത്രത്തിന്റെ ഗുണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. തേജ്‌റാം മീണ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ആശുപത്രികള്‍ സ്വന്തം താല്‍പര്യപ്രകാരമാണ് ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നതെന്നും ഒരു നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ വാദം. മതേതര രാജ്യമായ ഇന്ത്യയില്‍ ഇത്തരത്തില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ കീര്‍ത്തനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് പറയാനാകില്ലെന്നും സര്‍ക്കാര്‍ പ്രതികരിച്ചു.
ഇസ്‌ലാം വിശ്വാസ പ്രകാരം കുട്ടിയുടെ ചെവിയില്‍ ആദ്യം കേള്‍ക്കേണ്ടത് ബാങ്ക് വിളിയാണെന്ന് പരാതി നല്‍കിയ അഷ്ഫാക്ക് കായംഖനി പ്രതികരിച്ചു.