Sorry, you need to enable JavaScript to visit this website.

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; പിന്നില്‍ കുടുംബ പ്രശ്‌നം? ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍

തിരുവനന്തപുരം- നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സഭംവത്തില്‍ വഴിത്തിരിവ്. വീട് ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നീക്കമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നായിരുന്നു ആരോപണം. എന്നാല്‍ ഇവരുടെ വീട്ടില്‍ പോലീസ് നടത്തിയ തിരച്ചലില്‍ കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ മരണത്തിനു പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്നാണ് സൂചന. മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, കാശി, ശാന്ത എന്നിവരുടെ പേരുകളാണ് മരണത്തിനു കാരണമായി കുറിപ്പിലെഴുതിയിരിക്കുന്നത്. തുടര്‍ന്ന് ചന്ദ്രനേയും കൃഷ്ണമ്മയേയും മറ്റു രണ്ടുപേരേയും പോലീസ് കസ്റ്റഡിയിലെടത്തു. ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്ത മുറിയില്‍ ചുവരില്‍ ഒട്ടിച്ചുവച്ച നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികളെടുക്കുമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി അറിയിച്ചു. 

എന്നും വഴക്ക്, കൊല ഭീഷണിയും മന്ത്രവാദവും; ആത്മഹത്യാ കുറിപ്പ് ഇങ്ങനെ
ലേഖ എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പില്‍ കുടുംബ പ്രശ്‌നങ്ങളാണ് പ്രധാനമായും പറയുന്നത്. ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളുമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് കുറിപ്പില്‍ പറയുന്നു. ഈ വീട്ടില്‍ വന്ന കാലം മുതല്‍ അനുഭവിക്കുകയാണ്. തന്നെയും മകളേയും കുറിച്ച് അപവാദം പുറത്തു പറഞ്ഞു നടക്കുന്നത് ഭര്‍തൃമാതാവ് കൃഷ്ണമ്മയും ശാന്തയുമാണ്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ എന്നെ വിഷം തന്ന് കൊല്ലാന്‍ നോക്കി. ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദിയുടെ അടുത്ത് കൊണ്ടു പോയി മന്ത്രവാദം നടത്തി. അവസാനം എന്റെ വീട്ടില്‍ കൊണ്ടിട്ടു. എന്റെ വീട്ടുകാരാണ് രക്ഷിച്ചത്. കൃഷ്ണമ്മ കാരണം വീട്ടില്‍ നേരം വെളുത്താല്‍ ഇരുട്ടുന്നതു വരെ എന്നേയും മകളെയും പറ്റി വഴക്കാണ്- കുറിപ്പില്‍ പറയുന്നു. 

ഒമ്പതു മാസം മുമ്പാണ് ഭര്‍ത്താവ് വിദേശത്തു നിന്ന് വന്നത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിട്ടും പത്രിത്തില്‍ ജപ്തി പരസ്യം കണ്ടിട്ടും ഭര്‍ത്താവ് ബാങ്കിലേക്കു പോകുകയോ അന്വേഷിക്കുകയോ ചെയ്തില്ല. ബാങ്കില്‍ നിന്നയച്ച പേപ്പര്‍ ആല്‍ത്തറയില്‍ വച്ച് പൂജിക്കുകയാണ് അമ്മയുടേയും മകന്റെയും ജോലി. മന്ത്രവാദി പറയുന്നത് കേട്ട് എന്നെ ശകാരിക്കുകയും മര്‍ദിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്യും. എനിക്കും മകള്‍ക്കും ആഹാരം കഴിക്കാന്‍ പോലും അവകാശമില്ല. ഇതിനെല്ലാം കാരണം ഈ നാലു പേരാണ്. ഞങ്ങളെ ജീവിക്കാന്‍ ഇവര്‍ അനുവദിക്കില്ല- കുറിപ്പില്‍ പറയുന്നു. 
 

Latest News