വിവാഹ ബന്ധത്തെ ചൊല്ലി വഴക്കിട്ടു മടുത്തു; 19കാരിയായ മകളെ യുവതി അടിച്ചുകൊന്നു

പൂനെ- വീട്ടില്‍ നിരന്തരം കലഹത്തിലേര്‍പ്പെട്ട സ്വന്തം മകളെ അമ്മ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതി പ്രഗതിനഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം. 19കാരിയായ മകള്‍ റിതുജയെ കൊലപ്പെടുത്തിയ അമ്മ 34കാരി സഞ്ജീവനി ബോഭടെയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട റിതുജ ഇതര ജാതിയില്‍പ്പെട്ട കാമുകനൊപ്പം ഒളിച്ചോടുകയും വിവാഹിതരാകുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം ഭര്‍ത്താവുമായി ഉടക്കി റിതുജ വീട്ടിലേക്കു തന്നെ തിരിച്ചെത്തിയിരുന്നു. മാതാപിതാക്കള്‍ ഭര്‍ത്താവുമായി അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം റിതുജയെ തിരിച്ചെടുക്കാന്‍ തയാറായില്ല. ഇതിനിടെ ഭര്‍ത്താവിനെതിരെ റിതുജ പീഡന കേസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് വിഷയത്തില്‍ ഇടപെടണമെന്നും ഭര്‍ത്താവിന്റെ മനംമാറ്റാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് റിതുജ അമ്മയോട് പറഞ്ഞു കൊണ്ടിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വീണ്ടും റിതുജയുടെ ഭര്‍ത്താവിനെ സമീപിക്കുകയും പീഡനക്കേസ് പിന്‍വലിക്കാമെന്നും റിതുജയെ തിരിച്ചെടുക്കണമെന്നും അപേക്ഷിച്ചു. എന്നാല്‍ ഭര്‍ത്താവ് ഇതു തള്ളി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിതുജയും അമ്മയും ഇതിനെ ചൊല്ലി വീട്ടില്‍ വാഗ്വാദവും കലഹവും നടന്നുവരികയായിരുന്നു. ചൊവ്വാഴ്ച ഇതു മൂര്‍ച്ഛിച്ചതോടെയാണ് ബോഭടെ സ്വന്തം മകളെ ഭാരമേറിയ കല്ലു കൊണ്ട് തലയ്ക്കടിച്ചത്. സംഭവസ്ഥലത്തു വച്ചുതെന്ന റിതുജ തല്‍ക്ഷണം മരിച്ചതായി പോലീസ് പറഞ്ഞു.
 

Latest News