ഇടുക്കി- തങ്കമണി സെന്റ് ജോര്‍ജ് മൗണ്ട് ഐക്കര വീട്ടില്‍ സോയി (45), ഇടുക്കി വില്ലേജില്‍ നായരുപാറ പൊട്ടന്‍ പറമ്പില്‍ നാസര്‍ (46) എന്നിവരെ ഇടുക്കി എക്‌സൈസ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ടേകാല്‍ കിലോ കഞ്ചാവുമായി പിടികൂടി. കമ്പം ടൗണില്‍ നിന്ന് കഞ്ചാവ് വാങ്ങി ചെക്ക് പോസ്റ്റിനു മുമ്പ് ബസിറങ്ങി നടന്ന് കേരളത്തില്‍ പ്രവേശിച്ച് കഞ്ചാവ് എത്തിക്കുന്നതാണ് ഇവരുടെ രീതി. കിലോക്ക് 7,000 രൂപക്ക് വാങ്ങി മൂന്നിരട്ടി വിലക്ക് തങ്കമണി ഭാഗത്ത് വെച്ച് ഇടനിലക്കാര്‍ക്ക് കൈമാറുമ്പോള്‍ പ്രതികളെ എക്‌സൈസ് ഷാഡോ സംഘം പിടികൂടുകയായിരുന്നു.
സോയി മുമ്പ് ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഏഴ് കിലോ കഞ്ചാവ് കടത്തുമ്പോള്‍ പാലക്കാട് വെച്ച് പിടിയിലായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സുധീര്‍, ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, പ്രിവന്റീവ് ഓഫീസര്‍മാരായ റെജി ജോര്‍ജ്, വിശ്വനാഥന്‍ വി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജു പി.ടി, സിജുമോന്‍ കെ.എന്‍, ജലീല്‍ പി.എം, അനൂപ് തോമസ്, ബിജു, വിഷ്ണുരാജ്, ചിത്രാബായി, ഡ്രൈവര്‍ ശശി എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.