ഇന്ത്യയില്‍ സ്പീഡ് ബ്രേക്കറുകള്‍ മാത്രം ദിവസം 30 അപകടങ്ങള്‍ക്കും ഒമ്പത് മരണങ്ങള്‍ക്കും കാരണമാകുന്നു
ന്യൂദല്‍ഹി- റോഡുകളിലെ സ്പീഡ് ബ്രേക്കറുകള്‍ വാഹനങ്ങളുടെ അമിത വേഗത കുറച്ച് അപകടങ്ങള്‍ ഇല്ലാതാക്കാനാണെങ്കിലും ഇന്ത്യയില്‍ ഇത് അപകടങ്ങള്‍ക്കിടയാക്കുന്നുവെന്നു കേന്ദ്ര സര്‍ക്കാര്‍. ഗതാഗത മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് റോഡുകളിലെ ഹമ്പുകള്‍ പ്രതിദിനം 30 വാഹനപകടങ്ങള്‍ക്കും ഒമ്പതു പേരുടെ മരണത്തിനും കാരണമാകുന്നുവെന്നാണ്. 2014-ല്‍ സ്പീഡ് ബ്രേക്കര്‍ അപകടങ്ങളെ സംബന്ധിച്ചുള്ള വിവര ശേഖരണം തുടങ്ങിയതു മുതലുള്ള രണ്ടു വര്‍ഷത്തെ ശരാശരി കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാനിരിക്കുന്നെ ഉള്ളൂ.
റിപ്പോര്‍ട്ട് പ്രകാരം ഓസ്‌ട്രേലിയയിലും (2015-ല്‍ 3,409) ബ്രിട്ടനിലും (2015-ല്‍ 2,937) നടക്കുന്ന മൊത്തം വാഹനപകടങ്ങളില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ ഇന്ത്യയില്‍ സ്പീഡ് ബ്രേക്കറുണ്ടാക്കിയ അപകടങ്ങളില്‍ മാത്രം മരിച്ചിട്ടുണ്ട്. തെറ്റായ രൂപകല്‍പ്പന, നിര്‍മ്മാണത്തിനുപയോഗിച്ച മോശം വസ്തുക്കള്‍, കൃത്യമായ അടയാളങ്ങളുടേയും സൂചനകളുടേയും അഭാവം എന്നിവയെല്ലാമാണ് ഇന്ത്യയില്‍ സ്പീഡ് ബ്രേക്കറുകളെ അപകടകാരികളാക്കുന്നത്.
യാത്രക്കാരുടെ നട്ടെല്ലൊടിക്കുകയും വാഹനം തകരാറിലാക്കുകയും ചെയ്യുന്ന സ്പീഡ് ബ്രേക്കറുകള്‍ ഇന്ത്യയിലെല്ലായിടത്തും ഒരു തലവേദന തന്നെയാണെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. സ്പീഡ് ബ്രേക്കറുകള്‍ ചട്ടങ്ങള്‍ പാലിച്ച് സുരക്ഷ ഉറപ്പുവരുത്തി മാത്രമെ നിര്‍മ്മിക്കാവൂ എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖലകളിലെ റോഡുകളില്‍ ഓരോ നൂറു മീറ്ററിലും ഹമ്പുകളുണ്ട്. പ്രാദേശിക നേതാക്കളുടെ വീടുകള്‍ക്കു സമീപത്തെല്ലാം ഇവയുണ്ട്. പലയിടത്തും ജനങ്ങള്‍ തന്നെ അശാസ്ത്രീയമായ രീതിയിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
സുപ്രധാന പാതകളില്‍ നിന്ന് സ്പീഡ് ബ്രേക്കറുകള്‍ എടുത്തു മാറ്റണമെന്ന് വിവിധ ഹൈവേ ഏജന്‍സികളോട് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാന്‍ ഉപദേശിക്കുകയല്ലാതെ മന്ത്രാലത്തിന് ഇക്കാര്യത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കാനാവില്ലെന്നാണ് നിലപാട്.






