Sorry, you need to enable JavaScript to visit this website.

അമിത് ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍ സംഘര്‍ഷം; കല്ലേറും തീവെപ്പും

കൊല്‍ക്കത്ത- വന്‍ ആരവങ്ങളോടെ കൊല്‍ക്കത്തിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്തിയ റാലിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. കോളെജ് സ്ട്രീറ്റിലൂടെ കടന്നു പോകവെ കല്‍ക്കട്ട യൂണിവേഴ്‌സിറ്റിക്കു സമീപത്തു വച്ചാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ലാത്തി വീശി ആളുകളെ തുരത്തിയോടിച്ചു. കാവി വസ്ത്രധാരികള്‍ കല്ലേറു നടത്തുന്നതായും മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുന്നതും സംഭവ സ്ഥലത്തു നിന്നുള്ള വിഡിയോ ദൃശ്യങ്ങളിലുണ്ട്. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കും ആക്രമികള്‍ തീയിട്ടു നശിപ്പിച്ചു. അമിത് ഷാക്കു ഗോ ബാക്ക് വിളികളും കരിങ്കൊടികളും ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. ഇവര്‍ക്കും റാലിക്കുമിടയില്‍ ഏറ്റമുട്ടുലൊഴിവാക്കാന്‍ സുരക്ഷാ മതിലായി നിന്ന പോലീസിനെ മറികടന്ന് നിരവധി ബിജെപി പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നത് സംഘര്‍ഷത്തിനിടയാക്കി.

പ്രതിഷേദവുമായി രംഗത്തെത്തിയ തൃണമൂല്‍ വിദ്യാര്‍്ത്ഥി നേതാക്കളേയും പ്രവര്‍ത്തകരേയും യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് തള്ളി മാറ്റി പോലീസ് ഗേറ്റുകളടച്ചിരുന്നു. എങ്കിലും ഇവര്‍ ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം വിളി ശക്തിയോടെ തുടര്‍ന്നു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റി യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്കു പ്രവേശിക്കാന്‍ തുനിഞ്ഞു. പോലീസ് ലാത്തി വീശിയാണ് ഇവരെ ആട്ടിയോടിച്ചത്. വിവേകാനന്ദ കോളെജ് പരിസരത്ത് സ്ഥിതി ചെയ്യുന്ന 19ാം നൂറ്റാണ്ടിലെ സാമുഹ്യ പരിഷ്‌ക്കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമികള്‍ നശിപ്പിച്ചു. 

കൊല്‍ക്കത്തയിലെ വിദ്യാഭ്യാസ കേന്ദ്രമാണ് കോളെഡ് സ്ട്രീറ്റ്. കല്‍ക്കട്ട മെഡിക്കല്‍ കോളെജ്, കല്‍ക്കട്ട യൂണിവേഴ്‌സിറ്റി, പ്രസിഡന്‍സി കോളെജ്, സംസ്‌കൃത കോളെജ്, വിദ്യാസാഗര്‍ കൊളെജ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് ഈ റോഡിലാണ്. 

നാലു കിലോമീറ്റര്‍ യാത്ര ചെയ്ത അമിത് ഷായുടെ റാലി വടക്കന്‍ കൊല്‍ക്കത്തയിലെ സ്വാമി വിവേകാനന്ദയുടെ വീടിന്റെ പരിസരത്താണ് അവസാനിച്ചത്. ഇതിനടുത്താണ് സംഘര്‍ഷമുണ്ടായ കോളെജ് സ്ട്രീറ്റ്.
 

Latest News