സൗദിയില്‍ എണ്ണ പമ്പിംഗ് കേന്ദ്രങ്ങള്‍ക്കു നേരെ ഭീകരാക്രമണം

റിയാദ് - സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ മേഖലയില്‍ പുതിയ ആശങ്കകള്‍ സൃഷ്ടിച്ച്, ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊക്കു കീഴിലെ എണ്ണ പമ്പിംഗ് സ്റ്റേഷനുകള്‍ക്കു നേരെ ഭീകരാക്രണം. രാവിലെ ആറിനും ആറരക്കുമിടയിലാണ് റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിയിലും അഫീഫിലും പ്രവര്‍ത്തിക്കുന്ന അറാംകൊ പമ്പിംഗ് സ്റ്റേഷനുകള്‍ ലക്ഷ്യമിട്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണമുണ്ടായത്.
കിഴക്കന്‍ സൗദി അറേബ്യയില്‍നിന്ന് പടിഞ്ഞാറന്‍ സൗദി അറേബ്യന്‍ തീരത്ത് ക്രൂഡ് ഓയില്‍ എത്തിക്കുന്ന പൈപ്പ്‌ലൈനിലെ പമ്പിംഗ് സ്റ്റേഷനുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണവും തുടര്‍ നടപടികളും സ്വീകരിച്ചതായും അന്വേഷണ പുരോഗതികള്‍ പിന്നീട് അറിയിക്കുമെന്നും ദേശീയ സുരക്ഷാ ഏജന്‍സി പറഞ്ഞു.
രാവിലെ ആറിനും ആറരക്കും ഇടയിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് പെട്രോള്‍ പമ്പിംഗ് നിലയങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായതെന്ന് ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ എണ്ണപ്പാടങ്ങളില്‍നിന്ന് പടിഞ്ഞാറന്‍ തീരത്തെ യാമ്പു തുറമുഖത്തേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്ന പെട്രോളിയം പൈപ്പ്‌ലൈനിലെ പമ്പിംഗ് സ്റ്റേഷനുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ എട്ടാം നമ്പര്‍ പബ്ലിംഗ് നിലയത്തില്‍ അഗ്നിബാധയുണ്ടായി. ഇത് വൈകാതെ നിയന്ത്രണ വിധേയമാക്കി. ആക്രമണത്തില്‍ പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമാണുണ്ടായത്.

 

Latest News