കര്‍ണാടകയില്‍ പ്രതിസന്ധി മുറുകുന്നു; ബി.ജെ.പിക്കാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് കെ.സി. വേണുഗോപാല്‍

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും.

ബംഗളൂരു- കര്‍ണാടക സര്‍ക്കാരില്‍ പ്രതിസന്ധിയില്ലെന്നും മേയ് 23-ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാല്‍. ബി.ജെ.പി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാന്‍ പോകേണ്ടതില്ലെന്നും അവര്‍ താനേ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങളാണ് കര്‍ണാടക ഭരിക്കുന്നത്. അത് തുടരുകയും ചെയ്യും. ബി.ജെ.പിയുടെ കുതിരക്കച്ചവട മനസ്ഥിതിയാണ് കഴിഞ്ഞ ഒരു വര്‍ഷവും പ്രകടമായത്. പക്ഷേ, കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും ജനതാദളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് വേണുഗോപാലിന്റെ അവകാശവാദം. ദള്‍ സംസ്ഥാന പ്രസിഡന്റ് എ.എച്ച്. വിശ്വനാഥും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ വാഗ്വാദം തുടരുകയാണ്. പ്രധാന വിഷയങ്ങളില്‍ മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് ഇരുവരും പരസ്പരം ആരോപിച്ചു.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം സംസ്ഥാന കോണ്‍ഗ്രസില്‍ ശക്തമായിരിക്കയാണ്. എന്നാല്‍ സിദ്ധരാമയ്യക്ക് എന്ത് അധിക യോഗ്യതയാണുള്ളതെന്ന് ചോദിച്ചു കൊണ്ട് ദള്‍ നേതാവ് തിരിച്ചടിക്കുന്നു.
സിദ്ധരാമയ്യയുടെ ഭരണത്തില്‍ എന്ത് പ്രത്യേകതയാണുണ്ടായത്. ദേവരാജ് അര്‍സിനേക്കള്‍ നല്ല ഭരണമായിരുന്നോ അദ്ദേഹത്തിന്റേത്. 30 വര്‍ഷത്തിനുശേഷവും ജനങ്ങള്‍ ദേവരാജ് അര്‍സിനെ ഓര്‍ക്കുന്നു. ദശാബ്ദങ്ങളോളം ഓര്‍മിക്കാന്‍ എന്തെങ്കിലും നേട്ടം സിദ്ധരാമയ്യയുടെ ഭരണത്തില്‍ ഉണ്ടായിട്ടുണ്ടോ? പ്രധാനപ്പെട്ട എന്തുവികസനമാണ് നടപ്പിലായത്. ഒന്നുമില്ല- വിശ്വനാഥ് പറഞ്ഞു.
മുന്നണി മര്യാദ കണക്കിലെടുത്താണ് താന്‍ നാവടക്കുന്നതെന്നും പ്രശ്‌നം ഏകോപന സമിതിയില്‍ ഉന്നയിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. എന്നാല്‍ സമിതിയുടെ അധ്യക്ഷന്‍ നിങ്ങളാണെന്നും മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്ന കാര്യം എന്തുകൊണ്ട് സമതിയില്‍ പറഞ്ഞില്ലെന്നും ജനതാദള്‍ നേതാവ് തിരിച്ചു ചോദിച്ചു. കോണ്‍ഗ്രസ് നേതാവാണ് ഏകോപന സമിതി അധ്യക്ഷനെങ്കിലും ഇതുവരെ പൊതുമിനിമം പരിപാടി തയാറാക്കിയിട്ടില്ല. സിദ്ധരാമയ്യക്ക് വീണ്ടും മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടാകും. എന്നാല്‍ 2022 വരെ അതു നടപ്പില്ല- വിശ്വനാഥ് പറഞ്ഞു.
ഇരുപാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത്്, ഏകോപന സമിതിക്കെതിരെ വിശ്വനാഥ് നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡോ. ജി. പരമേശ്വര കുറ്റപ്പെടുത്തി.
ജെ.ഡി.എസിലെ പൊതുവികാരമാണ് വിശ്വനാഥ് പ്രകടിപ്പിക്കുന്നതെന്ന് പ്രതിപക്ഷമായ ബി.ജെ.പി അഭിപ്രായപ്പെട്ടു. ഇത് എ.എച്ച്. വിശ്വനാഥിന്റെ മാത്രം പ്രസ്താവനയല്ലെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് അദ്ദേഹത്തെ കൊണ്ട് സംസാരിപ്പിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്ദിയൂരപ്പ പറഞ്ഞു.

 

Latest News