തിരുവനന്തപുരം- രണ്ടരമാസത്തെ അവധിക്കുശേഷം ഐ.എം.ജി ഡയറക്ടറായി ഡിജിപി ജേക്കബ് തോമസ് ചുമതലയേറ്റു. ഒരുവര്‍ഷത്തേക്കാണു നിയമനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വിദഗ് ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി. അവധി കഴിഞ്ഞു തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഏതു പദവി നൽകുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ട പ്രകാരമാണു കഴിഞ്ഞ ഏപ്രിൽ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചത്. തുടർന്ന് ലോക്നാഥ് ബെഹ്റയ്ക്കു വിജിലൻസ് ഡയറക്ടറുടെ ചുമതലയും നൽകി. ഇനി താന്‍ കൂട്ടിലല്ലെന്നും പക്ഷേ കാലാവധി തികയ്ക്കുമെന്ന് ഉറപ്പില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
ടി.പി.സെൻകുമാർ കഴിഞ്ഞാൽ നിലവിൽ സംസ്ഥാന കേഡറിൽ മുതിർന്ന ഡിജിപിയാണ് ജേക്കബ് തോമസ്. 30 ന് സെൻകുമാറിന്‍റെ കാലാവധി തീരുന്നതോടെ പോലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണിക്കാണ് സർക്കാർ തീരുമാനം.






