കൂട്ടക്കൊല കേസ് പ്രതിയായ പൈലറ്റിനെ എയര്‍പോര്‍ട്ടില്‍ അറസ്റ്റ് ചെയ്തു; യാത്രക്കാര്‍ വെട്ടിലായി

ന്യൂയോര്‍ക്ക്- കൂട്ടക്കൊലക്കേസില്‍ കുറ്റാരോപിതനായി മുങ്ങി നടക്കുകയായിരുന്നു പൈലറ്റിനെ എയര്‍പോര്‍ട്ടില്‍ വച്ച് അപ്രതീക്ഷിതമായി പോലീസ് അറസ്റ്റ് ചെയ്തതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. യുഎസ് നഗരമായ കെന്റക്കിയിലെ ലൂയിസ്‌വില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പിഎസ്എ എയര്‍ലൈന്‍സ് പൈലറ്റ് ക്രിസ്റ്റ്യന്‍ റിചാര്‍ഡ് മാര്‍ട്ടിനാണ് പിടിയിലായത്. മൂന്നു വര്‍ഷം മുമ്പ് കെന്റക്കിയില്‍ നടന്ന മൂന്നു പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് അറസറ്റ്. 

പൈലറ്റിനെ പിടൂകൂടി എന്നു കേട്ടപ്പോള്‍ മദ്യപിച്ചതിനായിരിക്കുമെന്നാണ് കരുതിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. തങ്ങളുടെ പൈലറ്റ് ഒരു കൂട്ടക്കൊല കേസ് പ്രതിയായിരുന്നെന്ന വിവരമറിഞ്ഞ് ഞെട്ടിയെന്നും യാത്രക്കാര്‍ പ്രതികരിച്ചു.  പൈലറ്റ് അറസ്റ്റിലായതോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ ആശയക്കുഴപ്പത്തിലായി. എല്ലാവരുടെ മുഖത്തും മ്ലാനത വ്യക്തമായിരുന്നു. 

2015-ലാണ് മാര്‍ട്ടിന്‍ പ്രതിയായ കൂട്ടക്കൊല നടന്നത്. കൊലപാതകം, കൊള്ളയടി, ആയുധ പ്രയോഗം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് മാര്‍ട്ടിനുമേല്‍ ചുമത്തിയിരിക്കുന്നത്. 2018 ജനുവരി മുതല്‍ പൈലറ്റായി ജോലി ചെയ്യുന്ന മാര്‍ട്ടിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും സംഭവത്തില്‍ ഖേദമുണ്ടെന്നും പിഎസ്എ എയര്‍ലൈന്‍സ് പ്രതികരിച്ചു. മാര്‍ട്ടിനെ കുറിച്ച് അന്വേഷിച്ചിരുന്നതാണെന്നും എന്നാല്‍ കേസ് വിവരം കണ്ടെത്തിയില്ലെന്നും കമ്പനി പറഞ്ഞു.


 

Latest News