പൊളിച്ചു മാറ്റിയ പള്ളിയിൽ പ്രാര്‍ത്ഥനയ്‌ക്കെത്താന്‍ ആഹ്വാനം, ആളെ കൂട്ടി ബിജെപിയും; ഹൈദരാബാദില്‍ സംഘര്‍ഷാവസ്ഥ

ഹൈദരാബാദ്- റോഡു വീതി കൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കിയ പള്ളിയിലേക്ക് നമസ്‌ക്കാരത്തിന് എത്താന്‍ മുസ്ലിംകളോട് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഹൈദരാബാദിലെ അംബര്‍പേട്ടില്‍ സംഘര്‍ഷാവസ്ഥ. ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയ ഏക് ഖാനാ മസ്ജിദിലേക്ക് പ്രാര്‍ത്ഥനയ്‌ക്കെത്താന്‍ ദര്‍സ്ഗാഹ് ജിഹാദോ ശഹാദത് എന്ന സംഘടനയാണ് മുസ്ലിംകളോട് ആഹ്വാനം ചെയ്തത്. ഇതിനു പിന്നാലെ ബിജെപി എംഎല്‍എയും തന്റെ ആളുകളോട് ഈ പള്ളി പരിസരത്ത് എത്താന്‍ ആഹ്വാനം ചെയ്തു. പ്രദേശത്ത് വന്‍ ജനക്കൂട്ടം എത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായി. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ശക്തമായ പോലീസ് സാന്നധ്യം ഉണ്ടായിരുന്നു. മുസ്ലിം സംഘടനയുമായി ബന്ധമുള്ള എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ഇവിടെ എത്തിയ ഹിന്ദു വാഹിനി, ഭാരതീയ ജനതാ മസ്ദൂര്‍ സംഘ് എന്നീ സംഘടനകളുടെ ഏതാനും പ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു.

അംബര്‍പേട്ടില്‍ അനധികൃതമായി കൂട്ടംചേരല്‍ പോലീസ് വിലക്കിയിട്ടുണ്ട്. സമാധാനന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അന്‍ജാനി കുമാര്‍ പറഞ്ഞു. അംബര്‍പേട്ടില്‍ ഒത്തുകൂടാന്‍ കുത്സിത താല്‍പര്യക്കാരായ ചിലര്‍ അഭ്യൂഹങ്ങളും വ്യാജ വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെ നിയമവിരുദ്ധ കൂടം ചേരല്‍ അനുവദിക്കില്ല. പ്രത്യേകിച്ച് ക്രമസാമാധാന പ്രശ്‌നമുള്ള പ്രദേശത്ത്. എല്ലാവരും സഹകരിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.

മേയ് രണ്ടിന് മുനിസിപ്പര്‍ കോര്‍പറേഷന്‍ അധികൃതര്‍ ഏക് ഖാനാ മസ്ജിദ് തകര്‍ത്തതിനെ ചൊല്ലിയാണ് പ്രശ്‌നം ഉടലെടുത്തത്. റോഡ വീതി കുട്ടാനായി ഒരു സ്വകാര്യ വ്യക്തിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കി വാങ്ങിയതാണ് പള്ളി ഉള്‍പ്പെടുന്ന ഭൂമിയെന്നാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ വാദം. എന്നാല്‍ ഇതിനെതിരെ വഖഫ് ബോര്‍ഡ് രംഗത്തെത്തി. ഇതു വഖഫ് ഭൂമിയാണെന്നതിന് ബോര്‍ഡ് തെളിവുകളും പുറത്തു വിട്ടു. ഇതോടെ വിവാദം കത്തുകയായിരുന്നു. 

ഈ വിഷയത്തില്‍ ബോര്‍ഡിന്റെ നിലപാട് വ്യക്തമാണ്. 1964 മുതലുള്ള സര്‍വെ കമ്മീഷണറുടെ റിപോര്‍ട്ടില്‍ ഇത് വഖഫ് സ്വത്താണെന്ന് പറയുന്നുണ്ട്. രണ്ടു മൂന്ന് വര്‍ഷം മുമ്പുള്ള ഒരു സര്‍വെ റിപോര്‍ട്ടിലും ഈ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന് പറയുന്നു. എന്നിരിക്കെ ബോര്‍ഡിനെ അറിയിക്കാതെ പള്ളി പൊളിക്കല്‍ നടപടിയുമായി മുനിസിപ്പല്‍ കോര്‍പറേഷന്‍ മുന്നോട്ടു പോകാന്‍ പാടില്ലായിരുന്നു. കോര്‍പറേഷന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവിടെ പ്രവൃത്തികള്‍ നിര്‍ത്തിവച്ചതായി അവര്‍ അറിയിച്ചിട്ടുമുണ്ട്- വഖഫ് ബോര്‍ഡ് സിഇഒ ഷാനവാസ് ഖാസിം പറഞ്ഞു.
 

Latest News