സ്ത്രീ വോട്ടര്‍മാരെ തടഞ്ഞ് വോട്ടു ചെയ്ത ബൂത്ത് ഏജന്റ് അറസ്റ്റില്‍

ഫരീദാബാദ്- ഹരിയാനയിലെ ഫരീദാബാദ് മണ്ഡലത്തിലെ പോളിങ് ബൂത്തില്‍ വോട്ടു രേഖപ്പെടുത്താനായി വോട്ടിങ് യന്ത്രത്തിനു സമീപത്തെത്തിയ സ്ത്രീ വോട്ടര്‍മാരെ തടഞ്ഞ് അവരുടെ വോട്ട് ചെയ്ത ബുത്ത് ഏജന്റിനെ അറസ്റ്റ് ചെയ്തു. നീല ടിഷര്‍ട്ടും ജീന്‍സുമിട്ട ഏജന്റ് തുടര്‍ച്ചയായി മൂന്ന് സ്ത്രീ വോട്ടര്‍മാരെ തടഞ്ഞാണ് അവരുടെ വോട്ടു രേഖപ്പെടുത്തുകയോ അവരെ കൊണ്ട് വോട്ടു ചെയ്യിക്കുകയോ ചെയ്തത്. ഈ രംഗങ്ങള്‍ ട്വിറ്ററില്‍ വൈറലായതിനെ തുടര്‍ന്നാണ് അറസ്റ്റ്. പോളിങ് ബൂത്തിലെ ഏജന്റുമാരുടെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ ഇവിടെ നിന്ന് എഴുന്നേറ്റ് വോട്ടിങ് യന്ത്രത്തിനടുത്തേക്ക് മൂന്ന് തവണയാണ് പോയത്. ഈ സമയം ബൂത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ മറ്റൊ ഇയാളെ തടയുന്നുമില്ല. ഈ രംഗങ്ങള്‍ ട്വിറ്ററില്‍ വൈറലായി. നടപടി വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനെ ടാഗ് ചെയ്ത്  പ്രതിഷേധവും ഉയര്‍ന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തതായി തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസ അറിയിച്ചു. സംഭവത്തെ കുറിച്ച് തെരഞ്ഞെടുപ്പു നിരീക്ഷകന്‍ സജ്ഞയ് കുമാര്‍ അന്വേഷിച്ചിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചു. ഈ റിപോര്‍ട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ പരിശോധിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ലവാസ വ്യക്തമാക്കി.

പോളിങ് ബൂത്തില്‍ വോട്ടെടുപ്പ് നിരീക്ഷിക്കാനായി സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ബൂത്ത് ഏജന്റുമാര്‍. അറസ്റ്റ് ചെയ്ത് ബൂത്ത് ഏജന്റ് ഏതു പാര്‍ട്ടിക്കാരനാണെന്ന് കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പില്‍ ഞായറാഴ്ച ഫരീദാബാദില്‍ 64.48 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Latest News