ചാവേര്‍ ആക്രമണം: ശ്രീലങ്കയില്‍ മതപണ്ഡിതന്‍ അറസ്റ്റില്‍

കൊളംബോ- ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) നേതാവ് സഹ്് റാന്‍ ഹാഷിമിയുമായി ബന്ധം ആരോപിച്ച് മതപണ്ഡിതന്‍ മുഹമ്മദ് അലിയാറെ (60) പോലീസ് അറസ്റ്റ് ചെയ്തു. സഹ്്‌റാന്റെ ജന്മദേശമായ കട്ടാന്‍കുടിയില്‍ പള്ളിയും മദ്രസയും ലൈബ്രറിയും നടത്തുന്ന സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഗൈഡന്‍സ് സ്ഥാപകനാണ് മുഹമ്മദ് അലിയാര്‍.
സഹ്‌റാനുമായി അടുത്ത ബന്ധമുള്ള ഇയാളാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
ചര്‍ച്ചുകളിലും ഹോട്ടലുകളിലും ചാവേര്‍ ആക്രമണം നടത്തി 250 ലേറെ പേരെ കൊലപ്പെടുത്തിയ സംഘത്തിന് തെക്കന്‍ പട്ടണമായ ഹംബന്‍ടോട്ടയില്‍ നല്‍കിയ പരിശീലനത്തിലും അലിയാര്‍ ഉള്‍പ്പെട്ടതായി പറയുന്നു.
അലിയാര്‍ സ്ഥാപിച്ച കേന്ദ്രത്തില്‍നിന്നാണ് തൗഹീദില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ സഹ്‌റാന്‍ ഹാഷിമിനു ലഭിച്ചതെന്നും അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നതിനെ സഹ്‌റാന്‍ ചോദ്യം ചെയ്തിരുന്നുവെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ അലിയാര്‍ 1990 ല്‍ സ്ഥാപിച്ച ഇസ്ലാമിക് ഗൈഡന്‍സ് സെന്ററിന് കുവൈത്തില്‍നിന്ന് സഹായം ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News