Sorry, you need to enable JavaScript to visit this website.

അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിനിയുടെ മയ്യിത്ത് റിയാദിൽ ഖബറടക്കി

റിയാദ്- ഉംറ കഴിഞ്ഞുവരുന്നതിനിടെ മുസാഹ്മിയയിൽ അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിനിയുടെ മയ്യിത്ത് നസീം ഖബർസ്ഥാനിൽ ഖബറടക്കി. റിയാദ് അൽറാജ്ഹി മസ്ജിദിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷമായിരുന്നു മയ്യിത്ത് മറവു ചെയ്തത്. മലപ്പുറം മഞ്ചേരി തുറക്കൽ സ്വദേശി വലിയകത്ത് അബ്ദുറസാഖിന്റെ മകൾ സനോവറി (20) ന്റെ മയ്യിത്താണ് ഇശാ നമസ്‌കാരത്തിന് ശേഷം ഖബറടക്കിയത്.
അബ്ദുറസാഖും ഭാര്യ ജിഷയും മക്കളായ സനോവറും തമന്നയും ഒന്നിച്ച് ദമാമിൽ നിന്നാണ് ദിവസങ്ങൾക്ക് മുമ്പ് ഉംറക്ക് പുറപ്പെട്ടത്. തിരിച്ചുവരുന്നതിനിടെ റിയാദിനടുത്ത മുസാഹ്മിയയിൽ ഇവരുടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അബ്ദുറസാഖ് ആയിരുന്നു കാറോടിച്ചിരുന്നത്. പിൻസീറ്റിലായിരുന്ന കുട്ടികൾ രണ്ടുപേരും തെറിച്ചുവീഴുകയായിരുന്നു. സനോവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൈകാലുകൾക്ക് സാരമായ പരിക്കേറ്റ തമന്നയെ റിയാദ് നസീമിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറസാഖിനും ജിഷക്കും പരിക്കില്ല. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
സനോവറിന്റെ മൃതദേഹം മുസാഹ്മിയ ജനറൽ ആശുപത്രിയിൽ നിന്ന് ഞായറാഴ്ച രാത്രിയോടെ റിയാദിലെത്തിച്ചായിരുന്നു ഖബറടക്കം നടത്തിയത്. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിഭാഗം പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, റഫീഖ് മഞ്ചേരി എന്നിവരിടപെട്ട് ഖബറടക്ക നടപടികൾ ദ്രുതഗതിയിലാക്കി.
നേരത്തെ റിയാദിലായിരുന്നു അബ്ദുറസാഖും കുടുംബവും. പിന്നീട് കുടുംബം ഫൈനൽ എക്‌സിറ്റിൽ പോയി കഴിഞ്ഞയാഴ്ച സന്ദർശക വിസയിൽ എത്തിയതായിരുന്നു. അബ്ദുറസാഖ് ദമാമിൽ ഒരു കമ്പനിയിലേക്ക് ജോലി മാറുകയും ചെയ്തു.റിയാദ് യാര സ്‌കൂളിൽ ഒമ്പതാം ക്ലാസ് വരെ പഠിച്ച സനോവർ ഇപ്പോൾ മഞ്ചേരി യൂണിറ്റി വിമൺസ് കോളേജ് ഡിഗ്രി വിദ്യാർഥിനിയാണ്. 

 

Latest News