കണക്കറിയാതെ സി.ബി.എസ്.ഇ ദുരിതത്തിലായത് കുട്ടികൾ

ന്യൂദൽഹി- സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ മാർക്ക് കൂട്ടിയതിൽ വലിയ പിഴവുകൾ സംഭവിച്ചതായി സംശയം. മാർക്ക് കുറഞ്ഞ കുട്ടികൾ വീണ്ടും ബോർഡിനെ സമീപിച്ച് കൂടുതൽ മാർക്ക് നേടിയ സംഭവങ്ങൾ  ഇതിനു തെളിവാണ്. ഒന്നോ രണ്ടോ സംഭവങ്ങളല്ല ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മെയ് 29 ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ കണക്കിന് 68 മാർക്ക് നേടിയിരുന്ന ദൽഹിയിലെ വിദ്യാർഥി സോണാലി പരിശോധനക്ക് സമർപ്പിച്ചപ്പോൾ കിട്ടിയത് 90 മാർക്ക്.
ഇക്കണോമിക്‌സിന് 99 ഉം അക്കൗണ്ടൻസിക്ക് 95 ഉം ബിസിനസ് സ്റ്റഡീസിന് 96 ഉം മാർക്ക് നേടിയ സമീക്ഷ ശർമയെന്ന വിദ്യാർഥിനിയും കണക്കിലെ മാർക്ക് കണ്ട് ഞെട്ടിയിരുന്നു. 42 മാർക്ക് ലഭിച്ച സമീക്ഷ വീണ്ടും ബോർഡിനെ സമീപിച്ചപ്പോൾ 42 മാർക്ക് 90 ആയി മാറി. 
മുംബൈയിലെ മുഹമ്മദ് അഫാൻ എന്ന വിദ്യാർഥിക്ക് എല്ലാ വിഷയങ്ങളിലും 80 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചപ്പോൾ കണക്കിൽ 50 മാത്രമായിരുന്നു മാർക്ക്. പുനഃപരിശോധനയിൽ ഇത് 90 ആയി മാറി. മറ്റൊരു ഇക്കണോമിക്‌സ് വിദ്യാർഥി 9 മാർക്ക് മാത്രം ലഭിച്ച് തോറ്റെങ്കിലും പിന്നീട് അത് 45 ആയി മാറി. 
പുനഃപരിശോധനക്കുള്ള അപേക്ഷകൾ ഇക്കുറി മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് സി.ബി.എസ്.ഇ ഉദ്യോഗസ്ഥർ സമ്മതിച്ചെങ്കിലും കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. 


 

Latest News