Sorry, you need to enable JavaScript to visit this website.

മസ്ജിദുന്നബവിയിൽ ഇഫ്താർ ഒരുക്കി മലയാളി വനിതകളും

മസ്ജിദുന്നബവിയുടെ തിരുമുറ്റത്ത് മദീന കെ.എം.സി.സി വനിതാ പ്രവർത്തകർ ഇഫ്താറിനുള്ള ഒരുക്കങ്ങൾ  നടത്തുന്നു.

മദീന - വിശുദ്ധ റമദാനിൽ വിശ്വാസി സമൂഹത്തെ നോമ്പു തുറപ്പിക്കാൻ മദീന വാസികൾ മത്സരിക്കുന്നതിനിടയിൽ മസ്ജിദുന്നബവിയുടെ തിരുമുറ്റത്ത് ഇഫ്താറൊരുക്കി മലയാളി വനിതകളും മാതൃകയാവുന്നു. മദീന കെ.എം.സി.സി വനിതാ വിഭാഗമാണ് പ്രവാചക പള്ളിയിൽ നോമ്പ് തുറക്കാനെത്തുന്നവർക്ക് ആതിഥ്യമരുളുന്നത്. 
മസ്ജിദിന്റെ 26 ാം നമ്പർ കവാടത്തിനോട് ചേർന്ന് അറബ് ഭക്ഷണത്തോടൊപ്പം മലയാളി വിഭവങ്ങളും ഒരുക്കി വിശ്വാസി സമൂഹത്തിന് ആതിഥ്യമരുളുകയാണ് കെ.എം.സി.സി വനിതാ കൂട്ടം. മദീനയിലെത്തുന്ന മലയാളികളടക്കമുള്ള ഉംറ തീർഥാടകരും മദീന സന്ദർശനത്തിനെത്തുന്ന പ്രവാസി വനിതകളടക്കമുള്ള കുടുംബങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വനിതകളായ വിശ്വാസികളും ഈ സുപ്രയിൽ അതിഥികളായി എത്താറുണ്ട്. സംസം വെള്ളവും വിവിധയിനം ഈത്തപ്പഴങ്ങളും തൈര്, റൊട്ടി, വിവിധ തരം പഴവർഗങ്ങൾ, ജൂസുകൾ എന്നിവക്കു പുറമെ കേരളീയ വിഭവങ്ങളും സുപ്രയിൽ നിരത്തുന്നു. 
ദിവസവും അസർ നമസ്‌കാരാനന്തരം തന്നെ സുപ്ര വിരിക്കുകയും കെ.എം.സി.സി നേതാക്കളുടെയും വനിതാ പ്രവർത്തകരുടെയും കുട്ടികളുടെയും നേതൃത്വത്തിലുള്ള സംഘം അതിഥികളെ തങ്ങളുടെ സുപ്രയിലേക്ക് സ്വീകരിക്കുകയും ചെയ്യും. കെ.എം.സി.സി വനിതാ നേതാക്കളായ സെമിഹാ മഹബൂബ്, ഷെമീറ നഫ്‌സൽ, ഷെബ്‌ന അഷ്‌റഫ്, സെക്കീന ഷാജഹാൻ, റഫാന നൗഷാദ് എന്നിവരാണ് വനിതകളുടെ സുപ്രക്ക് നേതൃത്വം നൽകുന്നത്. 
ആതിഥേയത്വത്തിന് പേരുകേട്ട പ്രവാചക നഗരിയിൽ നോമ്പ് തുറപ്പിക്കാൻ സ്വദേശികളും വിദേശികളും മത്സരമാണ്. മസ്ജിദുന്നബവിയിലേക്കുള്ള പാതയോരങ്ങൾ മുതൽ നമുക്കത് അനുഭവപ്പെടും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ തങ്ങളുടെ സുപ്രകളിലേക്ക് ആളുകളെ കൈപിടിച്ച് കൊണ്ടു പോയി ഇരുത്തുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. മഹാനായ പ്രവാചക തിരുമേനി (സ) യെയും അനുചരന്മാരെയും മദീന മണ്ണിലേക്ക് സ്വീകരിച്ചാനയിച്ച അൻസാരികളുടെ മഹത്തായ മാതൃക പിന്തുടരുന്ന കാഴ്ചയാണ് വിശുദ്ധ റമദാനിൽ മദീനയിലെത്തുന്ന ഓരോ വിശ്വാസിക്കും ദർശിക്കാനാവുന്നത്.  
മലയാളികൾ ഉൾപ്പെടെ നിരവധി സംഘടനകളും വ്യക്തികളും മസ്ജിദുന്നബവിക്കുള്ളിലും പുറത്തുമായി ഇഫ്താറുകൾ ഒരുക്കുന്നുണ്ട്. 
ലോകത്തിലെ ഏറ്റവും വലിയ ഇഫ്താറുകളിലൊന്നായ മസ്ജിദുന്നബവിയിലെ നോമ്പുതുറയുടെ സുപ്രകൾ നിവർത്തി വെച്ചാൽ പതിനാറ് കിലോമീറ്ററിലധികം നീളമുണ്ടാകുമെന്ന് കണക്കാക്കുന്നു. നിത്യവും ലക്ഷക്കണക്കിന് വിശ്വാസികളാണ് മസ്ജിദുന്നബവിയിലെ ഇഫ്താറുകളിൽ പങ്കാളികളാവുന്നത്. 
 

Latest News