Sorry, you need to enable JavaScript to visit this website.

ആശ്രിത ലെവി: അവ്യക്തത തുടരുന്നു; ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ല

ജിദ്ദ- അടുത്ത മാസം ആദ്യം മുതൽ നടപ്പാക്കാനിരിക്കുന്ന ആശ്രിത ലെവിയെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, ജവാസാത്ത് എന്നിവയുടെ പ്രതിനിധികൾ വ്യക്തമാക്കി. വിദേശികളുടെ സ്‌പോൺസർഷിപ്പിൽ കഴിയുന്ന കുടുംബാംഗങ്ങൾക്ക് (ആശ്രിതർ) ജൂലൈ ഒന്ന് മുതൽ പ്രതിമാസം 100 റിയാൽ വീതം ലെവി ഈടാക്കുമെന്ന് ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു. 
ഇതനുസരിച്ച് ലെവി നടപ്പാക്കാൻ ദിവസങ്ങൾ മാത്രമേയുള്ളൂവെങ്കിലും ഇക്കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇതുസംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. സർക്കാർ വകുപ്പുകളും ഓഫീസുകളും ഇതിനകം ഈദ് അവധിയിൽ പ്രവേശിക്കുകയും ചെയ്തു. അതിനാൽ ഇനി ഓഫീസുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ ശേഷമേ ഇതുസംബന്ധമായ നീക്കങ്ങളുണ്ടാകൂ. അപ്പോഴേക്കും ജൂലൈ ആദ്യവാരം കഴിയും. ലെവി ഈടാക്കണമെങ്കിൽ തന്നെ കംപ്യൂട്ടർ ശൃംഖലയിലും മറ്റും മാറ്റം വരുത്തേണ്ടതുണ്ട്. ഇതും പ്രാബല്യത്തിലായിട്ടില്ല. കംപ്യൂട്ടർ ശൃംഖലയിലും മറ്റും ഇതുൾപ്പെടുത്താനും വിവിധ വകുപ്പുകളുമായി ലിങ്ക് ചെയ്യാനും സമയം പിടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ലെവി ആർക്കൊക്കെയാണെന്നതു സംബന്ധിച്ചും കൃത്യതയില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും സന്ദേശങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ഒന്നിനും സ്ഥിരീകരണമില്ല.
ഈദുൽ ഫിത്വർ അവധി നേരത്തേയാക്കണമെന്ന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച മുതൽ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇതിനുമുമ്പായി ആശ്രിത ലെവി എങ്ങനെ പ്രാബല്യത്തിൽ വരുത്തണമെന്ന് രാജ്യത്തെ ലേബർ ഓഫീസുകൾക്ക് നിർദേശം ലഭിച്ചില്ല. അതേസമയം, വിവിധ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള സ്വദേശികളല്ലാത്ത ജീവനക്കാർക്ക് ആശ്രിത ലെവി നടപ്പാകുമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. 
ആശ്രിത ലെവി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നതിനാൽ പ്രവാസികൾ ആശങ്കയിലാണ്. ലെവി നടപ്പായാൽ കുടുംബങ്ങളെ തിരിച്ചയക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് മിക്ക പ്രവാസികളും. 
 

Latest News