മ്യാന്‍മറില്‍ വിമാനം മൂക്കുകുത്തി നിലത്തിറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍- Video

റങ്കൂണ്‍- സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തന രഹിതമായ മ്യാന്‍മര്‍ എയര്‍ലൈന്‍സ് വിമാനത്തെ പൈലറ്റ് സാഹസിക ശ്രമത്തിലൂടെ സുരക്ഷിതമായി നിലത്തിറക്കി. മുന്നിലെ ചക്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നായിരുന്നു അടിയന്തിര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന ഏഴു ജീവനക്കാരടക്കം 89 യാത്രക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു. മ്യാന്‍മറിലെ വിദേശ ടൂറിസ്റ്റുകളുടെ ആകര്‍ഷണ കേന്ദ്രമായ മന്‍ഡലായില്‍  ഞായറാഴ്ച രാവിലെയാണ് സംഭവം. പിന്‍ചക്രങ്ങളില്‍ ലാന്‍ഡ് ചെയ്ത വിമാനം മൂക്കു കുത്തി റണ്‍വേയിലുടെ നീങ്ങുന്ന വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍-190 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

പൈലറ്റ് രണ്ടു തവണ ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മുന്‍ ചക്രങ്ങള്‍ പുറത്തു വരാത്തതാണ് പ്രശ്‌നമായത്. ഇതു ശരിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ പൈലറ്റ് വിമാനം രണ്ടു തവണ നിലത്തിറക്കാതെ വട്ടമിട്ടു പറത്തി. എങ്കിലും ചക്രം പുറത്തു വന്നില്ല. അവസാന ശ്രമത്തില്‍ പൈലറ്റ് പിന്‍ചക്രങ്ങള്‍ മാത്രം ഉപയോഗിച്ച് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നെന്ന് മ്യാന്‍മര്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ യെ തുത് ഓങ് പറഞ്ഞു.

പിന്‍ചക്രങ്ങളില്‍ ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയിലൂടെ അല്‍പദൂരം മുന്നോട്ടു കുതിച്ച ശേഷം പിന്നീട് മൂക്കു കുത്തി ഉരസിയാണ് നീങ്ങിയത്. ഇടക്കിടെ തീപ്പൊരികള്‍ പാളിയെങ്കിലും അഗ്നിബാധയുണ്ടായില്ല. ലാന്‍ഡിങ് കഴിഞ്ഞയുടന്‍ പുക ഉയരുന്നത് കണ്ടതായി യാത്രക്കാര്‍ എഎഫ്പിയോട് പറഞ്ഞു.
 

Latest News