'റഡാറില്‍ നിന്ന് രക്ഷപ്പെടാന്‍ മേഘങ്ങള്‍ സഹായിക്കും'; മോഡിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവും പരിഹാസവും

ന്യൂദല്‍ഹി- പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശം വിവാദത്തിനും പരിഹാസത്തിനും കാരണമായി. മോശം കാലാവസ്ഥ പാക്കിസ്ഥാന്‍ റഡാറുകളുടെ കണ്ണില്‍ നിന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങളുടെ രക്ഷിക്കുമെന്നു കണക്കൂ കൂട്ടി വ്യോമാക്രമണവുമായി  മുന്നോട്ടു പോകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ന്യൂസ് നേഷന്‍ എന്ന ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ശാസ്ത്രം അറിയുന്ന വിദഗ്ധനല്ല താനെന്നു തുറന്നു സമ്മതിച്ചു കൊണ്ടാണ് മേഘങ്ങള്‍ ഗുണം ചെയ്യുമെന്ന് മോഡി പറഞ്ഞത്.

മോഡിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷവും ട്വിറ്റര്‍ യൂസര്‍മാരും കടുത്ത പരിഹാസവും വിമര്‍ശനവുമായാണ് രംഗത്തു വന്നത്. എങ്ങനെ റഡാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മോഡിക്ക് ആരും പറഞ്ഞു കൊടുത്തിട്ടില്ലെന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഇതൊരു ഗൗരവമേറിയ ദേശസുരക്ഷാ പ്രശ്‌നമാണ്, ചിരിച്ചു തള്ളാനുള്ളതല്ല- സല്‍മാന്‍ സോസ് എന്ന ട്വിറ്റര്‍ യൂസര്‍ കുറിച്ചു. 

പാക്കിസ്ഥാനി റഡാര്‍ മേഘങ്ങളെ തുളച്ചു കയറില്ലെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയുടെ പരിഹാസ ട്വീറ്റ്. ഭാവിയില്‍ വ്യോമാക്രമണം ആസൂത്രണം ചെയ്യുമ്പോള്‍ ഉപകാരപ്പെടന്ന തന്ത്രപ്രധാന വിവരമാണിതെന്നും ഉമര്‍ മോഡിയുടെ പ്രസ്താവനയെ പരിഹസിച്ചു. 

മോഡിയുടെ നിരുത്തരവാദപരമായ പ്രസ്താവന ശരിക്കും നാണക്കേടാണെന്നും ദേശീയ സുരക്ഷ ഇങ്ങനെ നിസാരവല്‍ക്കരിതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പ്രതികരിച്ചു. നമ്മുടെ വ്യോമസേനയെ വിവരമില്ലാത്തവും പ്രഫഷണലല്ലാത്തവരുമെന്ന് അവഹേളിക്കലാണ് മോഡിയുടെ പ്രസ്താവനയെന്നും യെച്ചൂരി പറഞ്ഞു. 

പരിഹാസവും വിവാദവും കത്തിപ്പടര്‍ന്നതോടെ മേഘങ്ങള്‍ റഡാറുകളുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുമെന്ന മോഡിയുടെ പ്രസ്താവന അതേപടി ട്വീറ്റ് ചെയ്തിരുന്നത് ബിജെപി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ടൈംലൈനില്‍ നിന്ന് നീക്കം ചെയ്തു.
 

Latest News