Sorry, you need to enable JavaScript to visit this website.

രണ്ടു മക്കളുടെ ഘാതകര്‍ക്ക് മാപ്പ് നല്‍കി; ഭീമമായ തുകയല്ല, സ്വാധീനിച്ചത് ഉമ്മമാരുടെ കണ്ണീര്‍

റിയാദ് - ജീവിതത്തിന്റെ സായാഹ്നത്തിൽ തനിക്ക് താങ്ങും തണലുമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ടു മക്കളെ കൊന്ന ഘാതകർക്ക് നിരുപാധികം മാപ്പ് നൽകിയതിന്റെ നിർവൃതിയിലാണ് സൗദി പൗരൻ സഅദ് ബിൻ മുജഹസ് അൽദിയാബി.

ഭീമമായ പണം ദിയാധനമായി കൈമാറാമെന്ന ഓഫറുകൾ നിരസിച്ചാണ് പ്രതികൾക്ക് താൻ നിരുപാധികം മാപ്പ് നൽകിയതെന്ന് സഅദ് അൽദിയാബി പറഞ്ഞു. വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ടു മക്കൾ കൊല്ലപ്പെട്ടത്. പ്രതികൾക്ക് മാപ്പ് ലഭ്യമാക്കുന്നതിന് നിരവധി പൗരപ്രമുഖരും നേതാക്കളും മധ്യസ്ഥശ്രമങ്ങൾ നടത്തിയിരുന്നു. സംഘർഷത്തിനിടെ തന്റെ മകനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ മാതാവ്  തന്നെ വന്നുകണ്ട് മാപ്പപേക്ഷിക്കുകയായിരുന്നു.

തനിക്ക് വന്നുഭവിച്ചതു പോലുള്ള ഒരു ദുരന്തം നിങ്ങൾക്കു കൂടി നേരിടുന്നതിന് താൻ ആഗ്രഹിക്കുന്നില്ലെന്നും, സന്തോഷവും ആഹ്ലാദവും നൽകുന്ന വാർത്ത വൈകാതെ നിങ്ങൾക്ക് ശ്രവിക്കാനാകുമെന്നും പറഞ്ഞാണ് അവരെ താൻ യാത്രയാക്കിയത്. സുരക്ഷാ സേനയിൽ ക്യാപ്റ്റൻ റാങ്കിൽ ജോലി ചെയ്തിരുന്ന തന്റെ രണ്ടാമത്തെ മകനെ കൊലപ്പെടുത്തിയ പ്രതിക്കും ഇതേ രീതിയിലാണ് താൻ മാപ്പ് നൽകിയത്. ഈ പ്രതിയുടെ മാതാവും തന്റെ വീട്ടിലെത്തി കരഞ്ഞ് മാപ്പപേക്ഷിക്കുകയായിരുന്നു. ഈ പ്രതിക്കും താൻ മാപ്പ് നൽകി. മാപ്പ് നൽകുന്നതിന് പകരം ഭീമമായ ദിയാധനം തനിക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം താൻ നിരസിച്ചു. എത്ര വലിയ തുക ലഭിച്ചാലും അത് തന്റെ മക്കളുടെ ജീവന് പകരമാകില്ല. ദൈവീക പ്രീതി മാത്രം കാംക്ഷിച്ച് മാപ്പ് നൽകുന്നതാണ് കൂടുതൽ പുണ്യകരം. ക്യാപ്റ്റനായി ജോലി ചെയ്തിരുന്ന തന്റെ മകനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഉദ്യോഗസ്ഥന് മാപ്പ് നൽകുക മാത്രമല്ല, അയാളെ ജോലിയിൽ തിരിച്ചെടുക്കണമെന്നും താൻ ആവശ്യപ്പെട്ടതായി സഅദ് അൽദിയാബി പറഞ്ഞു. 
 

Latest News