ആലപ്പുഴ- കൂട്ടുകാരോടൊപ്പം വേമ്പനാട്ട് കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒരാൾ നീന്തി രക്ഷപ്പെട്ടു. മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് കിഴക്കേ വെളി ജോസ്‌കുട്ടിയുടെ (സെബാസ്റ്റ്യൻ) മകൻ ജിയോ (13), കാട്ടിപ്പറമ്പിൽ ബെന്നിച്ചന്റെ മകൻ നെബിൻ (17) എന്നിവരാണ് മരിച്ചത്. ജിയോ മുഹമ്മ മദർ തെരേസ ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. നെബിൻ എസ്.എൽ പുരം ഗവൺമെന്റ് എച്ച്.എസ്.എസിൽ നിന്നും ഈ വർഷം പ്ലസ്ടു പാസായിരുന്നു. മുഹമ്മ ജെട്ടിയ്ക്ക് വടക്ക് കോവിലകം റിസോർട്ടിന് സമീപം ശനിയാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. നെബിന്റെ സഹോദരൻ നോബിളിന്റെ ആദ്യ കുർബാന കഴിഞ്ഞു കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയതായിരുന്നു. കുളിക്കുന്ന കടവിൽ അരയൊപ്പം വെള്ളമാണ് ഉള്ളത്. കുളിക്കുന്നതിനിടയിൽ ഇവർ എട്ട് മീറ്ററോളം നടന്നു പോവുകയായിരുന്നു. ഈ ഭാഗത്തായി ഡ്രജർ ഉപയോഗിച്ച് മണൽ നീക്കം ചെയ്ത കുഴിയിലേക്ക് കാൽ വഴുതി വീണാണ് അപകടം. കുഴിയിലേക്ക് താഴ്ന്ന വിവരം കൂടെ ഉണ്ടായിരുന്ന കൂട്ടുകാരാണ് നാട്ടുകാരെ അറിയിച്ചത്. ഇതേ തുടർന്ന് മുഹമ്മ ജെട്ടിയിലെ റെസ്‌ക്യൂ ബോട്ട് തിരച്ചിൽ നടത്തി. തുടർന്ന് മുഹമ്മ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ ഉടക്ക് വലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിയോയുടെ മാതാവ് ഷീല (റിയാദ്). സഹോദരി: ലിയ. ഷാരയാണ് നെബിന്റെ മാതാവ്.