ഇടുക്കി- കഞ്ചാവുമായി കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ കമിതാക്കളടക്കം നാല് പേരെ ഉടുമ്പൻചോല എക്സൈസ് സംഘം പിടികൂടി. എറണാകുളം ചേരാനെല്ലൂർ നെടിയകാലായിൽ ജിതിൻ ജോസ് (22), ഇടപ്പള്ളി വാതുശേരിപ്പറമ്പിൽ കൃഷ്ണനുണ്ണി (20), കോഴിക്കോട് ചാത്തമംഗലം കട്ടങ്ങൽ ചേരിയിൽ ടിനോ (20), ചങ്ങനാശേരി ചെത്തിപ്പുഴക്കര കുന്നിൽ വീട്ടിൽ ഉണ്ണി എന്ന ലീമ എലിസബത്ത് ജോസഫ് (24) എന്നിവരാണ് 450 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.
വാഹന പരിശോധനക്കിടെ രാത്രി 10.15 ഓടെയാണ് കാറിൽ സഞ്ചരിച്ച പ്രതികളെ ചെക്ക് പോസ്റ്റിൽ പിടികൂടുന്നത്. ലീമയും ജിതിനും കാമുകീ കാമുകൻമാരാണ്. ജിതിന്റെ സുഹൃത്തിന്റെ കൊടൈക്കനാലിലുള്ള കോട്ടേജ് കഴിഞ്ഞ മഴക്കാലത്ത് തകർന്നിരുന്നു. ഈ കോട്ടേജ് വൃത്തിയാക്കുവാനായി മൂന്ന് ദിവസം മുമ്പ് കൊടൈക്കനാലിൽ വന്നതാണെന്നും അവിടെ വെച്ച് പരിചയപ്പെട്ട ആൾ മുഖാന്തിരം 3500 രൂപക്ക് വാങ്ങിയ കഞ്ചാവാണെന്നും പ്രതികൾ പറഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കമ്പത്ത് നിന്നും സ്വന്തം ആവശ്യത്തിനായാണ് കഞ്ചാവ് വാങ്ങിയത്. മാരുതി സിഫ്റ്റ് കാറിൽ
എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു ഇവർ. യുവതിയുടെ ബാഗിൽ 440 ഗ്രാം കഞ്ചാവും ജിതിൻ ജോസിന്റെ കൈവശം 10 ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്. കമ്പംമെട്ട് ചെക്ക്പോസ്റ്റ് ഇൻസ്പെക്ടർ വി.ജെ മധു, പ്രിവന്റീവ് ഓഫീസർമാരായ അനീഷ്, സാന്റി തോമസ്, അനൂപ് പി. ജോസഫ്, വനിത സി.പി.ഒ കെ.ജെ ബിജി എന്നിവരാണ് പ്രതികളെ പിടികൂടിയത്.