Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് യുദ്ധ ഭീതിയിലേക്ക്; അമേരിക്ക പടയൊരുക്കം ഊര്‍ജിതമാക്കി

യു.എസ്.എസ് അര്‍ലിങ്ടണ്‍

യു.എസ് പാട്രിയട്ട് മിസൈല്‍ സംവിധാനവും ഗള്‍ഫില്‍; ബോംബര്‍ വിമാനങ്ങള്‍ ഖത്തര്‍ താവളത്തില്‍


വാഷിങ്ടണ്‍- ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അമേരിക്ക പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനം കൂടി മിഡില്‍ ഈസ്റ്റിലേക്ക് അയച്ചു. പോര്‍വിമാനങ്ങളും കരയിലും കടലിലും സഞ്ചരിക്കാവുന്ന വാഹനങ്ങളും ഉള്‍ക്കൊള്ളുന്ന പടക്കപ്പല്‍ യു.എസ്.എസ് അര്‍ലിങ്ടണും ഗള്‍ഫില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന യു.എസ്.എസ് അബ്രഹാം ലിങ്കണ്‍ പടക്കപ്പലിനോടൊപ്പം ചേരും. യു.എസ് ബി-52 ബോംബര്‍ വിമാനങ്ങള്‍ ഖത്തറിലെ താവളത്തില്‍ എത്തിച്ചേര്‍ന്നതായും പെന്റഗണ്‍ അറിയിച്ചു.

http://malayalamnewsdaily.com/sites/default/files/2019/05/11/patriotmissiledefence.jpg

പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനം

യുദ്ധമുണ്ടാകില്ലെന്ന് അമേരിക്ക പറയുന്നുണ്ടങ്കിലും ഗള്‍ഫ് യുദ്ധ ഭീതിയിലേക്ക് നീങ്ങുകയാണ്.
അംസബന്ധമെന്ന് പറഞ്ഞുകൊണ്ട് ഇറാന്‍ തള്ളിയിട്ടുണ്ടെങ്കിലും ഇറാന്‍ ആക്രമിക്കാനൊരുങ്ങിയെന്നാണ് സൈനിക വിന്യാസത്തിനുള്ള ന്യായമായി അമേരിക്ക അവകാശപ്പെടുന്നത്. മേഖലയിലെ യു.എസ് സൈന്യത്തിനുനേരെ ഇറാന്‍ ഭീഷണ ഉയര്‍ത്തുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. തങ്ങളെ വിരട്ടാനുള്ള മനശാസ്ത്ര യുദ്ധം മാത്രമാണിതെന്ന് ഇറാന്‍ ആരോപിക്കുന്നു. ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍മാറുകയും മറ്റു നടപടികള്‍ സ്വീകരിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരാജയപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ തങ്ങള്‍ യൂറേനിയം സമ്പുഷ്ടീകരണവും ആണവ പ്രവര്‍ത്തനങ്ങളും പുനരരാംഭിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.


മേഖലയിലെ യു.എസ് സൈന്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് സൈനിക വിന്യാസത്തിന്റെ ലക്ഷ്യമെന്നും ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പെന്റഗണ്‍ പ്രസ്താവനയില്‍ പറയുന്നു. ഇറാന്റെ അയല്‍ രാജ്യമായ ഇറാഖില്‍ ഇപ്പോള്‍ 5200 യു.എസ് സൈനികരുണ്ട്.
ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, അത്യാധുനിക വിമാനങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനും തകര്‍ക്കാനും ശേഷിയുള്ളതാണ് അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് അയച്ചിരിക്കുന്ന പാട്രിയട്ട് സംവിധാനം. മേഖലയിലേക്ക് നീങ്ങുന്നതിന് യു.എസ്.എസ് അര്‍ലിങ്ടന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കൂടതല്‍ സാമഗ്രികള്‍ ഉള്‍പ്പെടുത്തുന്നതിനാണ് സമയമെടുക്കുന്നത്. യു.എസ്.എസ് അബ്രഹാം ലിങ്കണ്‍ വ്യാഴാഴ്ച സൂയസ് കനാല്‍ പിന്നിട്ടിരുന്നു.
യു.എസ് കപ്പല്‍ പടയെ ഒറ്റ മിസൈല്‍ കൊണ്ട് തകര്‍ക്കാന്‍ സാധിക്കുമെന്ന് ഇറാനിലെ മുതിര്‍ന്ന പുരോഹിതനെ ഉദ്ധരിച്ച് അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്‌ന റിപ്പോര്‍ട്ട് ചെയ്തു.
2015 ല്‍ ഇറാന്‍ ഒപ്പുവെച്ച ചരിത്രപ്രധാന ആണവ കരാറില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  പിന്‍മാറിയത്‌.

 

 

Latest News