ആദ്യ അപാഷെ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമ സേന സ്വന്തമാക്കി

ന്യൂദല്‍ഹി- യുദ്ധാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കരുത്തുറ്റ കോപ്റ്ററായ അപാഷെ ഗാര്‍ഡിയന്‍ ആക്രമണ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമ സേന സ്വന്തമാക്കി. 2015-ല്‍ യുഎസുമായി ഒപ്പിട്ട കരാര്‍ പ്രകാരമുള്ള 22 അപാഷെ കോപ്റ്ററുകള്‍ ആദ്യത്തേത് സേനയ്ക്കു ലഭിച്ചതായി വ്യോമ സേന അറിയിച്ചു. അമേരിക്കയിലെ ബോയിങ് വിമാന കമ്പനിയുടെ അരിസോണ നിര്‍മാണ ശാലയിലായിരുന്നു കൈമാറ്റ ചടങ്ങ്. ഏതു കാലാവസ്ഥയിലും പ്രതികൂല സാഹചര്യങ്ങളിലും വ്യോമാക്രമണത്തിനും നിലത്തു നിന്നുള്ള ആക്രമണങ്ങള്‍ക്കും ഉപയോഗിക്കാവുന്ന കരുത്തുറ്റ സൈനിക കോപ്റ്ററാണിത്. പര്‍വത മേഖലകളിലും ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് നിര്‍മാണം. 

ഇന്ത്യ വാങ്ങുന്ന ആദ്യ ബാച് അപാഷെ കോപ്റ്ററുകള്‍ ജൂലൈയില്‍ ഇന്ത്യയിലെത്തും. ഇതു പറത്തുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും തെരഞ്ഞെടുത്ത ഇന്ത്യന്‍ വ്യോമ സേനാംഗങ്ങള്‍ക്ക് യുഎസ് ആര്‍മിയുടെ അലബാമ താവളത്തില്‍ പരിശീലനം നല്‍കി വരികയാണ്.

Latest News