സിഖ് വിരുദ്ധ കലാപം സംബന്ധിച്ച പരാമര്‍ശം; സാം പിട്രോഡയെ തള്ളി രാഹുല്‍

ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ സിഖ് അംഗരക്ഷരാല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ 1984ലുണ്ടായ സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് വിവാദ പരാമര്‍ശനം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡയെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളിപ്പറഞ്ഞു. തീര്‍ത്തും അനുചിതമായ പരാമര്‍ശമായിപ്പോയെന്നും പിട്രോഡ് മാപ്പു പറയണമെന്നും രാഹുല്‍ പ്രതികരിച്ചു. മുവ്വായിരത്തോളം പേര്‍ കൊല്ലപ്പെട്ട കലാപം ഒരുപാടു പേരെ വേദനിപ്പിച്ച ഭീതിതമായ ദുരന്തമാണെന്നും രാഹുല്‍ പറഞ്ഞു. ഇക്കാര്യം നേരിട്ട് പിട്രോഡയുമായി സംസാരിക്കുമെന്നും രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. വലിയ വിവാദമായതോടെ പിട്രോഡ തന്റെ പരാമര്‍ശത്തില്‍ പിന്നീട് ക്ഷമാപണം നടത്തി.

സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് 'സംഭവിച്ചത് സംഭവിച്ചു' എന്ന പിട്രോഡയുടെ വാക്കുകളാണ് വിവാദമായത്. ബിജെപി ഇതേറ്റുപിടിച്ചതിനു പുറമെ കോണ്‍ഗ്രസ് നേതാക്കളും പിട്രോഡയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ഈ വാക്കുകള്‍ ഞെട്ടിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ് പ്രതികരിച്ചു. പിട്രോഡയുടെ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കളുടെ സ്വഭാവവും മനസ്ഥിതിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതികരിച്ചു. ബിജെപി പ്രചാരണ രംഗത്ത് കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ വിവാദ പരാമര്‍ശം ഉപയോഗപ്പെടുത്തുകയും ചെയ്തു. പിട്രോഡയെ പാര്‍ട്ടിയില്‍ നിന്ന് പുറത്തെറിയാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സിഖ് വംശഹത്യയില്‍ കോണ്‍ഗ്രസിനു പശ്ചാതാപമില്ലെന്നാണ് ഇതു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News