Sorry, you need to enable JavaScript to visit this website.

ആളാകെ മാറിപ്പോയി; രഹസ്യം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍. ചുറുചുറുക്കോടെ, ആഹ്ലാദത്തോടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരില്‍ ഒരാളായി മാറുന്നു. വലിയ മാറ്റമാണ് രാഹുല്‍ ഗാന്ധിയില്‍ സംഭവിച്ചത്. രണ്ടുവര്‍ഷം മുമ്പത്തെ രാഹുല്‍ ഗാന്ധിയല്ല ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ളത്.
വലിയ മാറ്റം തന്നെയാണ് സംഭവിച്ചതെന്ന് രാഹുല്‍ ഗാന്ധിയും സമ്മതിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിനുവേണ്ടി സുനേത്ര ചൗധരി നടത്തിയ അഭിമുഖത്തില്‍ ഇക്കാര്യവും അദ്ദേഹം വിശദീകരിക്കുന്നു. തന്റെ നിലപാടുകള്‍ വളച്ചുകെട്ടില്ലാതെ വ്യക്തമാക്കിയ ഈ അഭിമുഖം വായിക്കാന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ നിര്‍ദേശിക്കുന്നു.
എല്ലാം ചിരിച്ചുകൊണ്ട് നേരിടാനുള്ള കരുത്താണ് നേടിയെടുത്തതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. അധിക്ഷേപങ്ങളും രോഷവും നിഷേധാത്മകതയും ബാധിക്കുന്നതില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും പഠിച്ചത്. മോഡി എന്നെയും എന്റെ കുടുംബത്തേയും കുറിച്ച് മോശം പറയുമ്പോള്‍ ഞാന്‍ അത് ചിരിച്ചുകൊണ്ടാണ് നേരിടുന്നത്. അത് എന്നെ ദേഷ്യം പിടിപ്പിക്കുന്നില്ല. അതിനോട് അതേ നാണയത്തില്‍ പ്രതകരിക്കാറുമില്ല. രോഷം അദ്ദേഹത്തിന്റേതാണ് അത് അദ്ദേഹത്തെ തന്നെയാണ് ബാധിക്കുക. ഞാന്‍ അത് ഏറ്റെടുത്ത് കെട്ടിമറിയുമ്പോഴാണ് എനിക്കും കോട്ടം വരുത്തുക. അതുകൊണ്ടു തന്നെ ഞാന്‍ അങ്ങനെ ചെയ്യാറില്ല- ഇപ്പോഴത്തെ ശൈലീ മാറ്റത്തിനു പിന്നില്‍ വലിയ സ്വയം പരിശീലനമുണ്ടോ എന്ന ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി.
ആദ്യം മുതല്‍തന്നെ ജനങ്ങളോട് സംവദിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അത് ആസ്വദിക്കുന്നില്ലെന്ന ധാരണ വരാന്‍ കാരണം യഥാര്‍ഥത്തില്‍ എന്റെ ചിന്തിച്ചിരിക്കുന്ന ശീലമായിരുന്നു. ആത്മപരിശോധനയെന്ന് വേണമെങ്കില്‍ പറയാം. നിങ്ങള്‍ ആത്മപരിശോധന നടത്തുമ്പോള്‍ പിന്‍വലിയപ്പെടുന്നതായി തോന്നാം. തണുപ്പനായി വരെ ചിലപ്പോള്‍ അനുഭവപ്പെടാം. ജനങ്ങള്‍ക്ക് നടുവില്‍ ഞാന്‍ സ്വന്തത്തിലേക്ക് തിരിയാറുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. തനിച്ചിരിക്കുമ്പോഴാണ് ഇപ്പോള്‍ ഞാന്‍ എന്റെ ചിന്തകളിലേക്ക് പോകാറുള്ളത്. പൊതുഇടങ്ങളില്‍ ഒരിക്കലുമില്ല- ചിന്തിച്ചിരിക്കുന്നതിന്റെ രഹസ്യം രാഹുല്‍ വെളിപ്പെടുത്തി.
ഡി.എം.കെ നേതാവ് സ്റ്റാലിന്‍ മുതല്‍ ആം ആദ്മി നേതാവ് കെജ് രിവാള്‍വരെ നല്ലതു പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ എല്ലാ നേതാക്കളേയും ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാല്‍ ഒരു ശബ്ദമാണ് ഏറ്റവും പ്രധാനം. അത് ജനങ്ങളുടെ ശബ്ദമാണ്. അവരുടെ തീരുമാനമാണ് ഞാന്‍ ആദരിക്കേണ്ടത്. ഇന്ത്യയുടെ പ്രധാനമന്ത്രി ആരാകണമെന്ന് അവര്‍ തീരുമാനിക്കും- രാഹുല്‍ പറഞ്ഞു.

 

Latest News