മോഡിയെന്ന വ്യക്തിയല്ല, ആദര്‍ശമാണ് പ്രശ്‌നമെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ജീവിച്ചരിപ്പില്ലാത്തവരെ വെറുതെ വിടാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡി മാത്രമല്ലെന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആര്‍.എസ്.എസ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ പലതവണ അവഹേളിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡി എന്റെ കുടുംബത്തെ ബാധ പോലെ കൊണ്ടുനടക്കുന്നത് സുപ്രധാന പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണെന്നും രാഹുല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.
മരിച്ചവരെ അനാദരിക്കുക നമ്മുടെ സംസ്‌കാരമല്ലെന്നും അത് തെറ്റിച്ച ഏക പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നുമുള്ള തെലുഗുദേശം പാര്‍ട്ടി നേതാവ് എന്‍.ചന്ദ്രബാബു നായിഡു പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് രാഹുലിന്റെ പ്രതികരണം.
മോഡി അങ്ങനെ ചെയ്യുന്നതില്‍ പുതുമയില്ല. കാരണം ആര്‍.എസ്.എസ് അതു പലതവണ ചെയ്തിട്ടുണ്ട്. മഹാത്മാ ഗാന്ധി ഈ രാജ്യത്തിന്റെ ശബ്ദമായിരുന്നു. ചിലര്‍ അദ്ദേഹത്തിന്റെ ഘാതകരെ ആരാധിക്കുകയും ക്ഷേത്രം ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ മരിച്ചവരെ കുറിച്ചുള്ള വ്യക്തിഹത്യയും അവഹേളനവും പുതിയതല്ല- രാഹുല്‍ പറഞ്ഞു.
ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരിച്ചതെന്ന് പറഞ്ഞ മോഡി, രാജീവ് ഗാന്ധി കുടുംബ സമേതം പടക്കപ്പലിലാണ് അവധിക്കാലം ചെലവഴിക്കാന്‍ പോയതെന്നും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഇത് പച്ചക്കള്ളമാണെന്നും ഐ.എന്‍.എസ് വിരാട് വിമാന വാഹിനിയാണെന്നും അതില്‍ ആരെങ്കിലും ചെലവഴിക്കുമോയെന്നും രാഹുല്‍ ചോദിച്ചു. പിതാവ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ താന്‍ കൂടെ പോയിട്ടുണ്ട്. 35 വര്‍ഷം മുമ്പ് പടക്കപ്പല്‍ എന്തിനാണ് നങ്കൂരമടിച്ചിരുന്നതെന്ന് നാവിക സേനയോടാണ് അന്വഷിക്കേണ്ടത്- രാഹുല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ മോഡി പുകമറ സൃഷ്ടിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. പിതാവിനെ കുറിച്ചോ മുത്തശ്ശനെ കുറിച്ചോ ഞാന്‍ ഇത്രമാത്രം ആലോചിക്കാറില്ല. എന്നാല്‍ മോഡി എന്റെ കുടുംബത്തെ ഒഴിയാബാധ പോലെ കൊണ്ടു നടക്കുകയാണ്. അതില്‍നിന്ന് നേട്ടമുണ്ടാക്കാനകുമോ എന്നാണ് അദ്ദേഹം നോക്കുന്നത്- രാഹുല്‍ പറഞ്ഞു.

 

Latest News