വടകര- ഹവാല ഇടപാടുകാരെ ആക്രമിച്ച് പണം തട്ടുന്ന ആറു പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി താഴെ ചാലിൽ റഷീദ് (37), തലശേരി ധർമ്മടം പാലയാട് കൃഷ്ണരാധയിൽ സജീവൻ (45), ധർമ്മടം പാലയാട് ലബ്‌നാ നിവാസിൽ ലെനീഷ് (36), ധർമ്മടം വാഴയിൽ ഷിജിൻ (കുട്ടു 29), തലശേരി ചക്കരക്കൽ ഏച്ചൂർ ചാലിൽ അശ്വന്ത് (24), ധർമ്മടം പാലയാട് ശ്രീപദത്തിൽ ഷാംജിത്ത് (ജിമ്മൻ 34) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് വടകര ഡി.വൈ.എസ്.പി പി.പി. സദാനന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വടകര സി.ഐ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിനിമാ സ്റ്റൈൽ നീക്കത്തിലൂടെ സംഘത്തെഅറസ്റ്റ് ചെയ്തത്.
സംഘം സഞ്ചരിച്ച കാർ വില്യാപ്പള്ളിയിൽ ഒരു ബൈക്ക് യാത്രക്കാരനെ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ പോലീസിനെ കണ്ട ഉടൻ ഇവർ കാറുമായി സ്ഥലം വിട്ടു. അവിടെ നിന്നും നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വടകരയിൽ പോലീസ് കാറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. ഇതിനിടയിൽ കാറിന്റെ നമ്പർ ഓട്ടോറിക്ഷയുടേതാണെന്ന് മനസിലായതോടെ റൂറൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും കാർ പിടികൂടാൻ സന്ദേശം നൽകുകയായിരുന്നു. തുടർന്ന് കാർ പിടികൂടാൻ വിവിധ പോലീസ് സ്റ്റേഷനുകളിൽ സംവിധാനങ്ങളൊരുക്കി. വടകര സി.ഐയുടെ സ്‌ക്വാഡ് ഒരു മണിക്കൂറോളം കാറിനെ പിന്തുടർന്നു. കാർ 100 കിലോമീറ്ററിലധികം വേഗത്തിലാണ് ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിൽ മേപ്പയ്യൂർ സ്റ്റേഷൻ പരിധിയിലെ ചെറുവണ്ണൂരിൽ കാർ മതിലിനോട് ഇടിച്ചു. പെട്ടെന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരെ പിന്തുടർന്നെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കാറിൽനിന്ന് കണ്ണിലടിക്കുന്ന സ്‌പ്രേ, നാലു മുഖം മൂടികൾ, കാറിന്റെ യഥാർത്ഥ നമ്പർ പ്ലേറ്റ് എന്നിവ കണ്ടെടുത്തതായി ഡി.വൈ.എസ്.പി പറഞ്ഞു. കുഴൽ പണക്കാരെ ആക്രമിച്ച് പണം തട്ടുന്നതെന്നതിനാൽ ആരും പരാതി നൽകാറില്ലെന്നും, കുറച്ചു ദിവസങ്ങളായി സംഘം വടകരയിൽ കറങ്ങുന്നതായും ഡിവൈ.എസ്.പി പറഞ്ഞു.
വടകര, വില്യാപ്പള്ളി പ്രദേശങ്ങളിൽ കുഴൽ പണം വിതരണം ചെയ്യുന്ന സംഘങ്ങളുടെ നീക്കങ്ങൾ മനസിലാക്കി വിവരം നൽകുന്നത് റഷീദാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ മുമ്പ് 11 വർഷം കുഴൽ പണ വിതരണ സംഘത്തിലെ കണ്ണിയായിരുന്നു. പിന്നീട് ആക്രമിച്ച് പണം തട്ടുന്ന സംഘത്തിലെത്തി. 2017ൽ കർണാടകയിൽ 85 ലക്ഷം രൂപ ഹവാല പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് റഷീദെന്നും ഡിവൈ.എസ്.പി പറഞ്ഞു. മറ്റ് നാലു പേർ തലശേരിയിലും പരിസരങ്ങളിലും വിവിധ കേസുകളിൽ പ്രതികളാണ്. സജീവൻ ധർമ്മടം സ്റ്റേഷൻ പരിധിയിൽ കളവ് കേസിൽ പ്രതിയാണ്. സംഘം രണ്ട് മാസത്തിനിടയിൽ എട്ട് തവണ വടകര മേഖലയിൽ തട്ടിപ്പ് നടത്തിയതായും പോലീസ് പറഞ്ഞു.
ലെനീഷ് കൂത്തുപറമ്പിലെ സി.പി.എം പ്രവർത്തകൻ മോഹനനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. സി.പി.എം പ്രവർത്തകൻ അരിനെ വെട്ടിയ കേസ്, ബൈക്ക് കത്തിച്ച കേസ്, കുട്ടയിൽനിന്ന് 65 ലക്ഷം തട്ടിയ കേസ് എന്നിവയിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഈ സംഘത്തിലുണ്ടായിരുന്ന ശരത്തിനെ പണം വീതം വെപ്പിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വെട്ടിയ കേസിലും പ്രതിയാണ്. ഓട്ടോ ഡ്രൈവറായ ഷിജിൽ അരിൻ വധകേസ് പ്രതിയാണെന്നും, കുട്ട പണം തട്ടിപ്പിൽ ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിരവധി അടി പിടി കേസിലും പ്രതിയാണ്. ബിടെക്കുകാരനായ അശ്വന്ത് സംഘത്തിന്റെ വാഹന ഡ്രൈവർ കൂടിയാണ്. പണം തട്ടിപ്പ്, അടിപിടി കേസ് എന്നിവ ഇയാളുടെ പേരിലുമുണ്ടൈന്ന് പോലീസ് പറഞ്ഞു. ഷാംജിത്ത് എന്ന ജിമ്മിന്റെ പേരിൽ മറ്റ് കേസുകളൊന്നുമില്ല. ഇവരെ ഇന്ന് വടകര മജിസ്റ്റ്രേട്ട് കോടതിയിൽ ഹാജരാക്കും.






