റിയാദ് - ലണ്ടനിൽ വിപ്രവാസം നയിക്കുന്ന സൗദി വിമതൻ സഅദ് അൽഫഖീഹിന് ഖത്തർ സാമ്പത്തിക സഹായം നൽകുന്നതായി വെളിപ്പെടുത്തൽ. മുൻ വിമതൻ കസാബ് അൽഉതൈബിയാണ് സഅദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖത്തർ ഭരണകൂടം സഅദ് അൽഫഖീഹിന് മൂന്നു മാസത്തിലൊരിക്കൽ മൂന്നു ലക്ഷം സ്റ്റെർലിംഗ് പൗണ്ട് ധനസഹായം നൽകുന്നുണ്ടെന്ന് കസാബ് അൽഉതൈബി പറഞ്ഞു. അൽജസീറ ചാനൽ സഅദ് അൽഫഖീഹ് അടക്കമുള്ള സൗദി വിമതർക്ക് അവസരം നൽകുന്നു. സൗദി അറേബ്യക്കെതിരെ രൂക്ഷമായ ആക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ട് അൽജസീറ ചാനൽ അവതാരകൻ ജമാൽ റയ്യാൻ സൗദി വിമതൻ സഅദ് അൽഫഖീഹിന് സംസാരിക്കുന്നതിന് അവസരം നൽകിയതിന് താൻ സാക്ഷിയാണ്.
സൗദി അറേബ്യക്കെതിരായ അൽജസീറ ചാനലിന്റെയും ഖത്തർ അനുകൂല മാധ്യമങ്ങളുടെയും നിരന്തര പ്രവർത്തനങ്ങളാണ് പുനർവിചിന്തനത്തിന് തന്നെ പ്രേരിപ്പിച്ചത്. സൗദിയിലേക്ക് തിരിച്ചുവരുന്നതിന് ആഗ്രഹിക്കുന്ന വിമതരെ അതിന് പ്രേരിപ്പിച്ച് അധികൃതർ ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാണ് താൻ രാജ്യത്ത് തിരിച്ചെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ സ്വദേശത്തേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.
ഗൾഫ് യുദ്ധത്തിന്റെയും ബോസ്‌നിയ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ 1994 നു മുമ്പ് താൻ സൗദി വിരുദ്ധ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാവുകയായിരുന്നു. അൽജൗഫിൽ നിന്ന് ഏതാനും പേരടങ്ങിയ സംഘത്തിനൊപ്പം താൻ ബുറൈദയിൽ പോയി സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തു. അക്കാലത്ത് തങ്ങളെ സൽമാൻ അൽഔദ സഹായിച്ചിരുന്നു. അന്ന് തനിക്ക് 22 വയസു മാത്രമാണ് പ്രായം.
ബുറൈദയിൽ നിന്ന് മടങ്ങിയ ശേഷം സമരത്തിന് നേതൃത്വം നൽകിയവരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. എന്നെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിനു മുമ്പ് ഒന്നിലധികം തവണ എന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് തനിക്ക് വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിതൃസഹോദര പുത്രന്റെ പാസ്‌പോർട്ട് കൈക്കലാക്കിയാണ് താൻ രാജ്യത്തു നിന്ന് ഒളിച്ചോടിയത്. അവസാനം ബ്രിട്ടനിലെത്തി സഅദ് അൽഫഖീഹുമായി സന്ധിക്കുകയും പ്രതിപക്ഷ നിരയിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
യഥാർഥ പ്രതിപക്ഷം എന്ന് പറയാവുന്ന നിലയിലുള്ള പ്രവർത്തനങ്ങളൊന്നും തനിക്ക് കാണുന്നതിന് കഴിഞ്ഞില്ല. ഫാക്‌സുകൾക്ക് മറുപടി നൽകുന്ന ചുമതല മാത്രമാണ് തനിക്കുണ്ടായിരുന്നു. 1996 ൽ താൻ സഅദ് അൽഫഖീഹുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു വിമതനായ മുഹമ്മദ് അൽമസ്അരിക്കൊപ്പം ചേർന്നു. ഇരുവർക്കും തമ്മിൽ കാര്യമായ അന്തരങ്ങളൊന്നുമുണ്ടായിരുന്നില്ല. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനുള്ള ആഗ്രഹത്തെ ചൊല്ലി മാത്രമാണ് ഇരുവർക്കുമിടയിൽ തർക്കമുണ്ടായിരുന്നത്.
2002 വരെ താൻ മുഹമ്മദ് അൽമസ്അരിക്കൊപ്പം തുടർന്നു. 2002 ൽ മുഹമ്മദ് അൽമസ്അരിയുടെ മകനുമായുള്ള തർക്കത്തെ അൽമസ്അരിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. സ്വതന്ത്ര നിലപാട് സ്വീകരിച്ചതും സൗദി ഭരണാധികാരികളെ അവിശ്വാസികളായി മുദ്രകുത്താതിരുന്നതും സൗദി ഭരണകൂടത്തെ പ്രശംസിച്ചതും റിയാദിൽ റെസിഡൻഷ്യൽ കോംപൗണ്ടുകളിലുണ്ടായ ചാവേറാക്രമണങ്ങളെ അപലപിച്ചതുമാണ് മുഹമ്മദ് അൽമസ്അരിയുടെ മകന് തന്നെ അഭിമതനാക്കിയത്.
വിദേശത്തുള്ള വിമതരുമായി സൗദി ഭരണകൂടം ഔദ്യോഗിക തലത്തിൽ തന്നെ ആശയവിനിമയം നടത്തിയിരുന്നു. ബന്ദർ ബിൻ സുൽത്താൻ രാജകുമാരനും തുർക്കി അൽഫൈസൽ രാജകുമാരനും അടക്കമുള്ളവരാണ് ഇങ്ങിനെ ബന്ധപ്പെട്ടിരുന്നത്. 2014 ൽ അവരുമായി താൻ നേരിട്ട് കൂടിക്കാഴ്ച നടത്തി. അവർ തനിക്ക് കുറച്ച് പണം നൽകി. അഹങ്കാരത്താൽ ആ പണം താൻ നിരാകരിച്ചു. പകരം തന്റെ ചില ബന്ധുക്കളെ ജയിലിൽ നിന്ന് വിട്ടയക്കുന്നതിന് താൻ ആവശ്യപ്പെട്ടു. ബന്ധുക്കൾ ഉൾപ്പെട്ട കേസുകളുടെ സ്വഭാവത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു.
2014 ൽ പിതാവ് മരണപ്പെട്ടതോടെ ഖത്തർ ഭരണകൂടത്തിനു വേണ്ടി വീടുപണി ചെയ്യുന്നവരുടെ കൂട്ടത്തിൽ നിന്ന് താൻ പൂർണമായും പിൻവാങ്ങി. സൗദി അറേബ്യയിൽ തിരിച്ചെത്തിയ ശേഷം ഇന്നു വരെ സുരക്ഷാ വകുപ്പുകൾ തന്നെ ചോദ്യം ചെയ്യുകയോ രാജ്യത്ത് തിരിച്ചെത്തുന്നതിന് സൗദി ഗവൺമെന്റിൽ നിന്ന് ഒരു റിയാൽ പോലും കൈപ്പറ്റുകയോ ചെയ്തിട്ടില്ല.
അൽജസീറ ചാനൽ ചെയർമാൻ ശൈഖ് ഹമദ് ബിൻ ഥാമിർ ഓരോ മൂന്നു മാസത്തിലും സഅദ് അൽഫഖീഹിന് മൂന്നു ലക്ഷം സ്റ്റെർലിംഗ് പൗണ്ട് വീതം കൈമാറിയിരുന്നു. ഈ തുക തുർക്കിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനാണ് സഅദ് അൽഫഖീഹ് വിനിയോഗിച്ചിരുന്നത്. അമേരിക്കയിൽ കഴിഞ്ഞുവന്ന ഭാര്യക്കും പണത്തിൽ ഒരു ഭാഗം സഅദ് അൽഫഹീഹ് അയച്ചുകൊടുത്തിരിരുന്നു. ഇക്കാലത്ത് ഇറാനികളിൽ നിന്ന് പണം ആവശ്യപ്പെടുകയാണ് മുഹമ്മദ് അൽമസ്അരി ചെയ്തിരുന്നത്. എന്നാൽ പണം നൽകുന്നതിന് ഇറാനികൾ വിസമ്മതിച്ചു. ഇതേതുടർന്ന് മുഹമ്മദ് അൽമസ്അരി ഇറാനികളെ വിമർശിച്ചു. ഇതിനിടെ ലിബിയക്കാർ മുഹമ്മദ് അൽമസ്അരിക്ക് സഹായം വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹം അത് നിരസിച്ചു. അതോടെ സഅദ് അൽഫഖീഹിന് ലിബിയക്കാർ പിന്തുണയും സഹായവും നൽകുന്നതിന് തുടങ്ങി.
ഭരണമാറ്റത്തിലൂടെ രാജാവായി മാറുകയെന്നതാണ് സഅദ് അൽഫഖീഹിന്റെ മോഹം. മുസ്‌ലിം ബ്രദർഹുഡ് ആശയങ്ങളിൽ ആകൃഷ്ടനായ സഅദ് അൽഫഖീഹിന് ബ്രദർഹുഡ് സഹായങ്ങൾ ലഭിക്കുന്നുണ്ട്. സൗദി അറേബ്യക്കെതിരായ വിദ്വേഷമാണ് ഇവരെ പരസ്പരം അടുപ്പിക്കുന്നത്. ഭീകരരെ പാർപ്പിക്കുന്ന റിയാദിലെ അൽഹായിർ ജയിലും അൽഖസീമിലെ അൽത്വർഫിയ ജയിലും സന്ദർശിക്കുന്നതിന് അധികൃതർ തന്നെ ക്ഷണിച്ചിരുന്നു. മറ്റു രാജ്യങ്ങളിലില്ലാത്ത നിലക്കുള്ള ആശുപത്രികളും ഫിസിയോ തെറാപ്പി സെന്ററുകളും പഞ്ചനക്ഷത്ര സൗകര്യങ്ങളുമാണ് രണ്ടു ജയിലുകളിലും തനിക്ക് കാണുന്നതിന് സാധിച്ചത്. 22 വർഷക്കാലമാണ് താൻ വിപ്രവാസം നയിച്ചത്. തന്റെ ഭാഗത്തു നിന്നുണ്ടായ അപകീർത്തിപ്പെടുത്തലുകൾക്ക് യു.എ.ഇ ഭരണാധികാരികളോട് താൻ ക്ഷമാപണം നടത്തുന്നു. യു.എ.ഇ ഭരണാധികാരികളുമായി തനിക്കുണ്ടായിരുന്ന തർക്കങ്ങൾ എന്നെന്നേക്കുമായി അവസാനിച്ചതായും കസാബ് അൽഉതൈബി പറഞ്ഞു.






