അബോധാവസ്ഥയില്‍ പൈലറ്റ് വിമാനം പറത്തിയത് 40 മിനിറ്റ്! സംഭവം പരിശീലനത്തിനിടെ

കാന്‍ബറ- ഓസ്‌ട്രേലിയയില്‍ ഒരു ട്രെയ്‌നി പൈലറ്റ് 40 മിനിറ്റ് അബോധാവസ്ഥയില്‍ വിമാനം പറത്തിയതായി ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ കണ്ടെത്തല്‍. അഡലൈഡിലെ ഒരു വിമാനം പറത്തല്‍ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയാണ് അപകടകരമായി വിമാനം പറത്തിയത്. വിമാനം പറത്തുന്നതിനു മുമ്പ് വേണ്ടത്ര ഉറങ്ങാത്തതും ഭക്ഷണം കഴിക്കാത്തതുമാണ് സംഭവത്തിനു കാരണമായതെന്നും കണ്ടെത്തി. ഒരു ചോക്ലേറ്റ് ബാറും എനര്‍ജി ഡ്രിങ്കും അല്‍പം വെള്ളവും മാത്രമെ പൈലറ്റ് അകത്തായിരുന്നുള്ളൂ. ദക്ഷിണ ഓസ്‌ട്രേലിയയിലെ പോര്‍ട്ട് അഗസ്റ്റ എയര്‍പോര്‍ട്ടില്‍ നിന്ന് പാരാഫീല്‍ഡ് എയര്‍പോര്‍ട്ടിലേക്ക് ഒറ്റയ്ക്ക് വിമാനം പറത്തുന്നതിനിടെ മാര്‍ച്ച് ഒമ്പതിനാണ് സംഭവം. വിമാന പറത്തുന്നതിനു മുമ്പ് പൈലറ്റിന് നിസാര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായും കണ്ടെത്തി. 

5,500 അടി ഉയരത്തില്‍ പറക്കുന്നതിനിടെ തലവേദന വന്ന പൈലറ്റ് ഓട്ടോ പൈലറ്റ് മോഡിലേക്ക് വിമാന നിയന്ത്രണം മാറ്റുകയായിരുന്നു. ഡയമണ്ട് ഡിഎ40 ചെറുവിമാനം അനുമതി ലഭിക്കാതെ അഡലൈഡ് വ്യോമ മേഖലയില്‍ പ്രവേശിച്ചതോടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റിനെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഏറെ വൈകിയാണ് ഉറക്കമുണര്‍ന്ന പൈലറ്റിനെ ലൈനില്‍ കിട്ടിയത്. ഉടന്‍ മറ്റൊരു വിമാനത്തിന്റെ അകമ്പടിയോടെ ചെറുവിമാനത്തെ പാരഫീല്‍ഡ് എയര്‍പോര്‍ട്ടിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.
 

Latest News