ഭിന്നിപ്പുണ്ടാക്കുന്നവരുടെ തലതൊട്ടപ്പനായി മോഡി ടൈം മാഗസിന്‍ കവറില്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരിക്കല്‍ കൂടി ലോകപ്രശസ്ത വാര്‍ത്താ പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ കവറില്‍ ഇടം നേടിയിരിക്കുന്നു. ഇത്തവണ വാഴ്ത്തുപാട്ടുകളല്ല, ഇന്ത്യയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരുടെ മുഖ്യനേതാവായാണ് മോഡി ടൈം അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈഡല്‍ ഇന്‍ ചീഫ് എന്ന വിശേഷണവും മോഡിയുടെ ക്രൗര്യമുഖമുള്ള കവര്‍ ചിത്രത്തോടൊപ്പം ചാര്‍ത്തിയിരിക്കുന്നു. പ്രമുഖ യുവ എഴുത്തുകാരന്‍ ആതിഷ് തസീര്‍ എഴുതിയ കവര്‍ റിപോര്‍ട്ടില്‍ പ്രതിപാദിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ മോഡി ഭരണം ഭിന്നിപ്പുണ്ടാക്കിയതിനെ കുറിച്ചാണ്. ഹിന്ദുത്വരുടെ ആള്‍കൂട്ടു കൊലപാതകങ്ങളും വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധനായ തീപ്പൊരി ഹിന്ദുത്വ നേതാവ് യോഗി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി നിയമിച്ചതും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ ഠാക്കൂറിനെ ഭോപാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതുമടക്കം പരാമര്‍ശിക്കുന്ന ലേഖനം പറയുന്നത് ഇന്ത്യ മുമ്പത്തെക്കാളും ഭിന്നിപ്പിക്കപ്പെട്ട നിലയിലാണെന്നാണ്.

ഇന്ത്യയിലെ പ്രതിപക്ഷത്തിനും ഈ ലേഖനത്തില്‍ വിമര്‍ശനമുണ്ട്. പ്രതിപക്ഷം ഛിന്നഭിന്നവും ദുര്‍ബലവുമാണെന്ന് ലേഖകന്‍ വിശേഷിപ്പിക്കുന്നു. കുടുംബാധിപത്യ തത്വത്തിലുപരിയായി കോണ്‍ഗ്രസിന് കാര്യമായൊന്നും മുന്നോട്ടു വെക്കാനില്ലെന്നും രാഹുല്‍ ഗാന്ധി പഠിപ്പിക്കാനാവാത്ത ഒരു ഇടത്തരക്കാരനാണെന്നും  ലേഖനം പറയുന്നു.

ഇതൊടൊപ്പം ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കരണത്തിന് മികച്ച പ്രതീക്ഷയാണ് മോഡി എന്ന തലക്കെട്ടില്‍ മറ്റൊരു ലേഖനവും ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ 2015ലും മോഡി ടൈം കവറില്‍ ഇടംനേടിയിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ അഭിമുഖമായിരുന്നു നല്‍കിയിരുന്നത്. ടൈം മാഗസിന്‍ ഓണ്‍ലൈന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഒന്നിലേറെ തവണ മോഡി പേഴ്‌സണ്‍ ഓഫ് ദ് ഇയര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 

Latest News