Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെങ്ങോട്ടുമല ക്വാറി സമരം; കൂട്ട ആത്മഹത്യക്കൊരുങ്ങി സമരക്കാർ

മണ്ണെണ്ണയുമായി പഞ്ചായത്ത് 
ഓഫീസിനു മുകളിൽ കയറി

കോഴിക്കോട്- ബാലുശ്ശേരിക്കടുത്ത ചെങ്ങോട്ടുമലയിൽ അനധികൃത ക്വാറിക്കെതിരെ അനിശ്ചിതകാല സമരം നടത്തുന്ന സമര സമിതി പ്രവർത്തകർ ആത്മഹത്യാ ഭീഷണി മുഴക്കി കോട്ടൂർ പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി. കന്നാസിൽ മണ്ണെണ്ണയുമായാണ് കുടുംബങ്ങളടക്കമുള്ള സമരസമിതി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ക്വാറിക്ക് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കലക്ടർ സ്ഥലത്തെത്തണമെന്നും ചർച്ച നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സംഘവും ഫയർ ഫോഴ്‌സും സ്ഥലത്തുണ്ട്.
ചെങ്ങോട്ടുമലയിൽ ക്വാറിക്ക് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ചെങ്ങോട്ടുമലയിൽ ഖനനത്തിന് ലൈസൻസ് നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദേശത്തിന്റെ പേരിൽ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
ഡെൽറ്റാ ഗ്രൂപ്പിന് ലൈസൻസ് നൽകുകയാണങ്കിൽ രാജി വെക്കുമെന്ന് സി.പി.എം ഭരിക്കുന്ന കോട്ടൂർ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ അറിയിച്ചിരുന്നു. ഡെൽറ്റാ ഗ്രൂപ്പിന് ലൈസൻസ് നൽകുകയാണെങ്കിൽ രാജിവെക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മുഴുവൻ സി.പി.എം മെമ്പർമാരും പാർട്ടിയെ അറിയിച്ചു. ലൈസൻസ് നൽകാനുള്ള നീക്കത്തിന് എതിരെ സമര സമിതിയും ഡി.വൈ.എഫ്.ഐയും പ്രത്യക്ഷ സമരം തുടങ്ങി.
19 അംഗ കോട്ടൂർ പഞ്ചായത്തിൽ 14 പേരാണ് സി.പി.എമ്മിനുള്ളത്. എല്ലാവരും പാർട്ടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. ഇതേത്തുടർന്ന് കോട്ടൂർ ലോക്കൽ കമ്മിറ്റിയുടെ അടിയന്തര യോഗം ബുധനാഴ്ച രാത്രി ചേർന്നിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഇന്നലെ രാവിലെ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസ് ഡി.വൈ.എഫ്.ഐയുടേയും സമര സമിതിയുടേയും നേതൃത്വത്തിൽ ഉപരോധിച്ചു. സി.പി.എം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാനങ്ങാടാണ് സമരം ഉദ്ഘാടനം ചെയ്തത്.
ബാലുശ്ശേരിക്കടുത്ത് കോട്ടൂർ പഞ്ചായത്തിലാണ് ചെങ്ങോട്ടുമല. പത്തനംതിട്ട ആസ്ഥാനമായ ഡെൽറ്റ ഗ്രൂപ്പാണ് മലയുടെ നൂറേക്കറോളം സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞൾ കൃഷിയും വെർജിൻ കോക്കനട്ട് ഓയിൽ യൂനിറ്റും തുടങ്ങുമെന്നാണ് ആദ്യം നാട്ടുകാരെ വിശ്വസിപ്പിച്ചത്. കരിങ്കൽ ക്വാറിക്ക് അനുമതി തേടിയത് പിന്നീടാണ് പ്രദേശവാസികൾ അറിഞ്ഞത്. എസ്.യു.സി.ഐ, ആർ.എം.പി തുടങ്ങിയ പാർട്ടികളും പരിസ്ഥിതി സ്‌നേഹികളായ നാട്ടുകാരും ചേർന്ന് വിവരാവകാശം വഴി യാഥാർഥ്യം പുറത്തു കൊണ്ടുവന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ചെങ്ങോട്ടുമല സംരക്ഷണ വേദി രൂപീകരിച്ച് ഒന്നര വർഷത്തോളമായി സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു വരികയാണ്.

Latest News