Sorry, you need to enable JavaScript to visit this website.

ഉപവാസ മാസത്തിൽ ഉദാരതയുടെ കവാടങ്ങൾ 

റമദാൻ പ്രമാണിച്ച് ഗൾഫ് ഭരണകർത്താക്കൾ തടവുകാർക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് സൗദി അറേബ്യയിലും യു.എ.ഇയിലുമുള്ള ആയിരങ്ങൾക്കാണ് ജയിൽ മോചനത്തിന് വഴിയൊരുക്കിയിട്ടുള്ളത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ പൊതുമാപ്പ് പ്രഖ്യാപനം സൗദി അറേബ്യയിലെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ്. രാജ്യകാരുണ്യത്തിന്റെ ആനുകൂല്യം ലഭിക്കുന്ന വിദേശികളിൽ നല്ല പങ്കും ഇന്ത്യക്കാരാണെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. 2250 ഓളം ഇന്ത്യക്കാരാണ് വിവിധ ജയിലികുളിൽ കഴിയുന്നത്. ഇതിൽ അധികപേരും രാജകൽപന പ്രകാരമുള്ള ആനുകൂല്യത്തിന് അർഹരാണ്. മോചനം സാധ്യമായവരിൽ പലരും ഇതിനകം നാടണയാൻ തുടങ്ങി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ വർഷമാദ്യം ഇന്ത്യ സന്ദർശിച്ചപ്പോൾ 850 ഇന്ത്യൻ തടവുകാർക്ക് മോചനം സാധ്യമാക്കുന്നതിന് നിർദേശം നൽകിയിരുന്നു. പ്രധാമന്ത്രി നരേന്ദ്ര മോഡി കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നടത്തിയ അഭ്യർഥനയെ മാനിച്ചായിരുന്നു ഈ നിർദേശം. ഇപ്പോൾ രാജാവിന്റെ പ്രഖ്യാപനം കൂടിയായപ്പോൾ ഇന്ത്യക്കാരായ കൂടുതൽ തടവുകാർക്ക് ശിക്ഷാ  ഇളവ് ലഭിച്ച് നാടണയാൻ കഴിയും.  
ചെറിയ കുറ്റകൃത്യങ്ങളിലകപ്പെട്ട് ജയിലറകൾക്കുള്ളിലായവർ മോചനത്തിനായി വഴി കാണാതെ വിഷമിച്ചിരിക്കുന്ന വേളയിലുള്ള രാജകാരുണ്യം തടവുകാരുടെ കുടുംബങ്ങളിൽ അത്യാഹ്ലാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജാവിനും രാജ്യത്തിനുമായുള്ള അവരുടെ പ്രാർഥനകളുടെ വാർത്തകളും ആശംസകളുടെ പ്രവാഹവും വന്നുകൊണ്ടിരിക്കുകയാണ്. 
കുടുംബാംഗങ്ങൾക്കൊപ്പം റമദാൻ ചെലവഴിക്കുന്നതിന് അവസരമൊരുക്കുകയാണ് മോചനത്തിലൂടെ ലക്ഷ്യമിടുന്നത്. നിശ്ചിത വ്യവസ്ഥകൾ പൂർത്തീകരിക്കപ്പെട്ടവർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നത്. പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചാണ് അർഹരായവരെ കണ്ടെത്തുന്നത്. രാജകൽപന പ്രകാരമുള്ള വ്യവസ്ഥകൾ പൂർത്തിയാക്കിയ  അവസാനത്തെ തടവുകാരനെയും വിട്ടയക്കുന്നതു വരെ കമ്മിറ്റികളുടെ പ്രവർത്തനം തുടരാനാണ് നിർദേശം. ഗവർണറേറ്റ്, ജവാസാത്ത്, ജയിൽ, പോലീസ് വകുപ്പുകളുടെ പ്രതിനിധികളടങ്ങിയതാണ് കമ്മിറ്റി. രാജ്യദ്രോഹം, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ബാല പീഡനം തുടങ്ങിയ 29 കുറ്റകൃത്യങ്ങളിലകപ്പെട്ട് ശിക്ഷിക്കപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കില്ല. അതുപോലെ മാരണം, മന്ത്രവാദം, മനുഷ്യക്കടത്ത്, ദൈവ നിന്ദ, ഖുർആനിനെ അവമതിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, ഭിന്നശേഷിക്കാരെ ഉപദ്രവിക്കൽ, വാണിജ്യ വഞ്ചന, ബിനാമി, കുറ്റവാളികൾക്ക് അഭയം നൽകൽ, അധികാരികളെയും ഡോക്ടർമാരെയും കയ്യേറ്റം ചെയ്യൽ, ഔദ്യോഗിക പദവി ദുരുപയോഗം, വ്യാജരേഖ ചമക്കൽ, കള്ളനോട്ടടി, രഹസ്യ സ്വഭാവമുള്ള ഫയലുകളും വിവരങ്ങളും പരസ്യപ്പെടുത്തൽ, പരസ്യമായി നിഷിദ്ധങ്ങളിൽ ഏർപ്പെടൽ, കവർച്ചയിലൂടെയും ചതിയിലൂടെയും പണം സമ്പാദിക്കൽ, വണ്ടിച്ചെക്ക് നൽകൽ തുടങ്ങിയ കേസിലകപ്പെട്ടവരും ആനുകൂല്യത്തിന്റെ പട്ടികയിൽ വരില്ലെന്ന് വ്യവസ്ഥകളിൽ പറയുന്നു. 
സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ജിയിലിൽ കഴിയുന്ന വിദേശ പൗരന്മാരെ പൊതുമാപ്പ് ആനുകൂല്യത്തിന് അർഹരായവരുടെ പട്ടികയിൽ പ്രത്യേകമായി ഉൾപ്പെടുത്തിയെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഒട്ടേറെ വിദേശികൾക്ക് ആശ്വാസം പകരുന്നതാണിത്. ശിക്ഷാ കാലാവധി പൂർത്തിയായതിന് ശേഷവും പിഴ അടയ്ക്കാൻ സാധിക്കാത്തതിന്റെ പേരിൽ ജയിലുകളിൽ തുടരേണ്ടിവരുന്ന ഇത്തരക്കാർക്ക് ഇതുവഴി മോചനം സാധ്യമാകും.
 അഞ്ച് ലക്ഷം റിയാൽ വരെയുള്ള പിഴ ഒഴിവാക്കുന്നതിനാണ് നിർദേശം. അഞ്ച് ലക്ഷം റിയാലിൽ അധികം പിഴ ഒടുക്കേണ്ടവർക്ക് ഇത്രയും കൂടുതൽ തുക നൽകാൻ സാധ്യമല്ലെന്ന് ബോധ്യപ്പെടുന്നപക്ഷം പൊതുഖജനാവിന്റെ പ്രതിനിധി മുഖേന ഇവരുടെ കേസുകൾ പ്രത്യേക കോടതികൾക്ക് കൈമാറാനും നിർദേശമുണ്ട്. പ്രതികളുടെ സാമ്പത്തിക പാപ്പരത്തം ബോധ്യപ്പെട്ടാൽ പിഴ ശിക്ഷക്ക് പകരം ജയിൽ വാസമാക്കി മാറ്റുകയും ശിക്ഷാ കാലാവധി പൂർത്തിയാക്കിയാൽ സൗദിയിൽനിന്ന് നാടു കടത്താനുമാണ് നിർദേശം. ഭീമമായ തുക കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന വിദേശികൾക്ക് ഇത് തെല്ലൊന്നുമല്ല ആശ്വാസം പകരുക. 
കമ്മിറ്റികളുടെ പ്രവർത്തനം വളരെ ഊർജിതമാണ്. റമദാൻ മാസപ്പിറവി സ്ഥിരീകരിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ മക്ക പ്രവിശ്യയിലെ വിവിധ ജയിലുകളിൽനിന്ന് 600 ലേറെ തടവുകാരെയാണ് വിട്ടയച്ചത്. ഇതിൽ ഒട്ടേറെ പേർ വിദേശികളാണ്. മദീന പ്രവിശ്യയിൽനിന്ന് ആദ്യ ദിനത്തിൽ തന്നെ 253 തടവുകാരെ വിട്ടയച്ചു. ഇതിൽ 169 പേർ സ്വദേശികളും 84 പേർ വിദേശികളുമാണ്. കിഴക്കൻ പ്രവിശ്യയിൽ 348 തടവുകാർക്കാണ് രാജ്യവിന്റെ ആനുകൂല്യം ലഭിച്ചത്. ഇവരിൽ 297 പേർ സ്വദേശികളും 51 പേർ വിദേശികളുമാണ്. അൽജൗഫ് പ്രവിശ്യയിലെ സകാക്ക ജയിലിൽനിന്ന് 26 പേരെയാണ് ആദ്യ ബാച്ചിൽ വിട്ടയച്ചത്. പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ആഘോഷത്തോടെയായിരുന്നു ഇവരുടെ മോചനം. മറ്റു പ്രവിശ്യകളിലും മോചന നടപടികൾ ത്വരിത ഗതിയിലാണ് പൂർത്തിയായി വരുന്നത്. 
3005 തടവുകാരെ വിട്ടയക്കുന്നതിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹ്‌യാനും ഉത്തരവിട്ടിട്ടുണ്ട്. ദുബായിലെ ജയിലുകൡ നിന്ന് 587 തടവുകാരെ വിട്ടയക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം ഉത്തരവിട്ടു.  ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി 377 തടവുകാരെയും റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ സ്വഖ്ർ അൽഖാസിമി 306 തടവുകാരെയും വിട്ടയക്കുന്നതിനും ഉത്തരവിട്ടിട്ടുണ്ട്. ഉമ്മുൽഖുവൈൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽമുഅല്ലയുടെ നിർദേശാനുസരണം ഉമ്മുൽഖുവൈനിലും നിരവധി തടവുകാരെ പൊതുമാപ്പിൽ വിട്ടയച്ചു. 
കാരുണ്യത്തിന്റെ മാസമായ റമദാനിൽ ഗൾഫ് ഭരണകർത്താക്കൾ നൽകുന്ന കാരുണ്യ വർഷം ആയിരക്കണക്കിനു കുടുംബങ്ങൾ ക്കാണ് ആശ്വാസമേകുന്നത്. ഈ നടപടി എന്തുകൊണ്ടും പ്രശംസനീയമാണ്. 

Latest News