സൗദി തൊഴിലുടമയെ വാഹനം കയറ്റിക്കൊന്ന വിദേശി പിടിയില്‍

റിയാദ്- അല്‍ഖര്‍ജില്‍ സൗദി പൗരനെ വാഹനം കയറ്റി കൊലപ്പെടുത്തിയ വിദേശി പിടിയില്‍. അനധികൃത താമസക്കാരനായ എത്യോപ്യക്കാരനെയാണ് പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തത്. എഴുപതുകാരനായ സൗദി പൗരന്റെ വാഹനം കവര്‍ന്നാണ് പ്രതി കൊലപാതകം നടത്തിയത്. അല്‍ഖര്‍ജിന് കിഴക്ക് ഒട്ടക വളര്‍ത്തല്‍ കേന്ദ്രത്തില്‍ സൗദി പൗരന്റെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.
അന്വേഷണത്തില്‍ ഒട്ടകങ്ങളെ വളര്‍ത്തുന്ന കേന്ദ്രത്തിന്റെ ഉടമയാണ് മരിച്ചതെന്നും എത്യോപ്യക്കാരനാണ് കൊലപാതം നടത്തിയതെന്നും വ്യക്തമായി.
ദീര്‍ഘ കാലമായി സൗദി പൗരനു കീഴില്‍ ജോലി ചെയ്തുവന്ന എത്യോപ്യക്കാരന്‍ തൊഴിലുടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വാഹനം കവര്‍ന്ന് പലതവണ ദേഹത്ത് വാഹനം കയറ്റിയിറക്കി സൗദി പൗരനെ കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് അധികം ദൂരെയല്ലാത്ത മറ്റൊരു സ്ഥലത്ത് ഒളിച്ചിരിക്കുന്ന നിലയിലാണ് പ്രതിയെ പട്രോള്‍ പോലീസുകാര്‍ കണ്ടെത്തിയത്.

 

Latest News