രാജീവിനെ കുറിച്ചു പറഞ്ഞോളൂ, റഫാല്‍ ഇടപാടില്‍ എന്തു ചെയ്‌തെന്നു കൂടി ആളുകളോടു പറയണം; മോഡിയോട് രാഹുല്‍

ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാഹുലിന്റെ മറുപടി. 'രാജീവ് ഗാന്ധിയെ കുറിച്ചും എന്നെ കുറിച്ചും എന്തെങ്കിലും പറയണമെങ്കില്‍ തീര്‍ച്ചയായും തുറുന്നു പറഞ്ഞോളൂ. പക്ഷെ റഫാല്‍ ഇടപാടില്‍ എന്തൊക്കെ ചെയ്തു എന്തൊക്കെ ചെയ്തില്ല എന്നു കൂടി ജനങ്ങളോട് പറയണം, രണ്ടു കോടി യുവാക്കള്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയ്തത് നടപ്പാക്കാത്ത കാര്യവും പറയണം'- രാഹുല്‍ പ്രതികരിച്ചു. 

രാജീവിനെതിരെ വീണ്ടും രംഗത്തെത്തിയ മോഡി പതിവു നുണയനാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. നാവിക സേനയുടെ ഐഎസ്എസ് വിരാട് കപ്പല്‍ രാജീവ് ഗാന്ധി പേഴ്‌സണല്‍ ടാക്‌സിയാക്കി എന്ന ആരോപണം കള്ളമാണ്. ഐഎന്‍എസ് വിരാടില്‍ രാജീവ് ഗാന്ധി നടത്തിയ ഔദ്യോഗിക സന്ദര്‍ശനമാണെന്ന് മുന്‍ ഇന്ത്യന്‍ നാവിക സേന വൈസ് അഡ്മിറല്‍ വിനോദ് പസ്‌റിച വ്യക്തമാക്കിയതാണെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയും നോട്ടുനിരോധനവും പറഞ്ഞ് തെരഞ്ഞെടുപ്പില്‍ പൊരുതാനുള്ള ധൈര്യം മോഡിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Latest News