വോട്ട് മാമാങ്കം കാണാനും വിദേശികള്‍; ഇലക് ഷന്‍ ടൂറിസം പച്ചപിടിക്കുന്നു

അഹമ്മദാബാദ്- കോട്ടകളും ക്ഷേത്രങ്ങളും മുതല്‍ ഭക്ഷണം വരെ വിദേശികളെ ആകര്‍ഷിക്കുന്ന ധാരാളം കാര്യങ്ങള്‍ ഇന്ത്യയിലുണ്ടെങ്കിലും അവയുടെ കൂട്ടത്തിലേക്ക് ഇലക്്ഷന്‍ ടൂറിസവും. രണ്ടു ഘട്ടങ്ങള്‍ കൂടി അവശേഷിക്കുന്ന ഇന്ത്യയിലെ വോട്ടെടുപ്പ് മാമാങ്കം കാണാന്‍ ഇത്തവണ ധാരാളം ടൂറിസ്റ്റുകള്‍ എത്തിച്ചേര്‍ന്നു.

ഗുജറാത്തിലെ അഹമ്മാദാബാദ് ആസ്ഥാനമായ അക്ഷര്‍ ട്രാവല്‍സാണ് ഇന്ത്യയിലെ ജനാധിപത്യ ഉത്സവത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ ആ വഴിക്ക് ശ്രമം തുടങ്ങിയത്.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ശരിക്കും ഉത്സവം തന്നെയാണെന്ന് അക്ഷര്‍ ട്രാവല്‍സിന്റെ സ്ഥാപകന്‍ മനീഷ് ശര്‍മ പറയുന്നു. റാലികളും റോഡ് ഷോകളുമൊക്കെ ഒരുക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ ശരിക്കും ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ മാസം 23 വരെ നീണ്ടുനില്‍ക്കുന്ന ഇലക് ഷന്‍ കാലത്ത് ഇന്ത്യയില്‍ ചെലവഴിക്കാന്‍ ഇനിയും വിദേശ സഞ്ചാരികളെത്തുമെന്നാണ് അദ്ദേഹത്തിന്റ പ്രതീക്ഷ. ഇലക് ഷന്‍ ടൂറിസം സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അക്ഷര്‍ ട്രാവല്‍സിനെ അഭിനന്ദിച്ചിട്ടുണ്ട്.
22 വര്‍ഷം മുമ്പ് ട്രാവല്‍സ് ആരംഭിക്കുമ്പോള്‍ വിസ, ടിക്കറ്റ്, ടൂര്‍ എന്നിവയിലായിരുന്നു നോട്ടം. പുതുമകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 2012 ല്‍ ഇലക്്ഷന്‍ ടൂറിസം ആരംഭിച്ചതെന്ന് ശര്‍മ പറയുന്നു.
2005 ല്‍ മെക്‌സിക്കോയില്‍ കണ്ട പോള്‍ ടൂറിസമായിരുന്നു പ്രചോദനം. 2012 ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലാണ് ശര്‍മ പരീക്ഷണം തുടങ്ങിയത്. വിജയിക്കുമെന്ന് ഉറപ്പായതോടെ 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ രാജ്യങ്ങളില്‍ പ്രചാരണം നല്‍കി വിപുലമായി ആരംഭിച്ചു. ആ വര്‍ഷം 5200 സഞ്ചാരികളാണ് ടൂര്‍ ബുക്ക് ചെയ്തത്.

ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയെ കുറിച്ച് പഠിക്കാനാണ് കൂടുതല്‍ പേരും തെരഞ്ഞെടുപ്പ് കാലത്ത് എത്തുന്നതെന്ന് ശര്‍മ പറയുന്നു. ആറ് മുതല്‍ എട്ട് ആഴ്ച വരെയുള്ള ഇലക്്ഷന്‍ ടൂറിന് ഇക്കുറിയും നല്ല പ്രതികരണമാണ് ലഭിച്ചത്. 10,000 പേരെയാണ് മെയ് 23 വരെ പ്രതീക്ഷിക്കുന്നത്. ഗവേഷകരും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളും ചരിത്രത്തില്‍ താല്‍പര്യമുള്ളവരും മാധ്യമ പ്രവര്‍ത്തകരുമാണ് കൂടുതലായി എത്തിയത്. അമേരിക്ക, ജപ്പാന്‍, യു.കെ എന്നിവിടങ്ങളിലുളളവരാണ് വലിയൊരു ശതമാനം.

 

Latest News