Sorry, you need to enable JavaScript to visit this website.

ആ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു; താരമായി മന്ത്രി ശൈലജ

കൊച്ചി- ഫേസ് ബുക്കില്‍ ഒരാള്‍ നല്‍കിയ സഹായ അഭ്യര്‍ഥനക്ക് ഉടന്‍ തന്നെ നടപടി സ്വീകരിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ സമൂഹ മാധ്യമത്തില്‍ താരമായി. അഭ്യര്‍ഥനക്ക് മന്ത്രി ഫേസ്ബുക്കിലൂടെ തന്നെ നല്‍കിയ മറുപടിയാണ് ജനങ്ങളുടെ ഹൃദയം കവര്‍ന്നത്.
സഹോദരിയുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ്  ജിയാസ് മാടശേരി എന്ന യുവാവ് മന്ത്രി കെ.കെ.ശൈലജയുടെ ഫേസ്ബുക്ക് പേജില്‍ കമന്റിട്ടത്. കമന്റ് ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉടന്‍ തന്നെ അതിനുതാഴെ മറുപടി കുറിച്ചു. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു ജിയാസിന്റെ അപേക്ഷ. ഹൃദയസംബന്ധമായ തകരാറുള്ള ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മന്ത്രിയുടെ ഇടപെടലില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെ കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ചു. പെരിന്തല്‍മണ്ണയില്‍നിന്ന് ഇവിടെ എത്തിച്ച കുഞ്ഞിന് അടിയന്തര ചികില്‍സ നല്‍കും. ഇതാവണം ജനസേവനമെന്നാണ് മന്ത്രിക്കുള്ള അഭിനന്ദന പ്രവാഹം.

ഫേസ് ബുക്കിലെ യുവാവിന്റെ കമന്റും മന്ത്രി നല്‍കിയ മറുപടിയും വായിക്കാം.


യുവാവിന്റെ കമന്റ്: ടീച്ചറേ... വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ ഗകങട അഘടഒകഎഅഥകഘ എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിരയിലോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു. മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ ഡോക്ടര്‍ പറഞ്ഞു. ടീച്ചറേ... എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.

മന്ത്രി  നല്‍കിയ മറുപടി: താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും.

 

 

Latest News