Sorry, you need to enable JavaScript to visit this website.

സൗദി എയര്‍ലൈന്‍സില്‍ എന്തു സംഭവിച്ചു; താളം തെറ്റിയത് 1300 സര്‍വീസുകള്‍

റിയാദ്- ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസിന്റെ 1,378 സർവീസുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ കാലതാമസം നേരിടുകയോ റദ്ദാക്കുകയോ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളിലാണ് ഇത്രയും സർവീസുകൾക്ക് കാലതാമസം നേരിട്ടത്.
 സർവീസുകൾ വൈകിയതിൽ സൗദിയ ക്ഷമാപണം നടത്തി. എന്നാൽ 1,300 ലേറെ സർവീസുകൾക്ക് കാലതാമസം നേരിട്ടത് യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. 


വെള്ളി, ശനി ദിവസങ്ങളിൽ 500 ഉം ഞായറാഴ്ച 487 ഉം തിങ്കളാഴ്ച 391 ഉം സർവീസുകളാണ് സൗദിയ നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്തത്. വ്രതാരംഭത്തിനും കടുത്ത ചൂടിനും ഒപ്പം സർവീസുകൾ മുടങ്ങിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. 
 വ്യക്തമായ കാരണം വിശദീകരിക്കുന്നതിന് സൗദിയക്ക് സാധിക്കാതിരുന്നതും പ്രശ്‌നപരിഹാരത്തിന് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിന് കഴിയാത്തതും യാത്രക്കാരെ കൂടുതൽ രോഷാകുലരാക്കി. സർവീസുകളുടെ ആധിക്യം മൂലം ഉടലെടുത്ത അസാധാരണ സാഹചര്യമാണ് ചില സർവീസുകൾക്ക് കാലതാമസം നേരിടുന്നതിന് ഇടയാക്കിയതെന്ന് സൗദിയ പറഞ്ഞു.


 പ്രശ്‌നത്തിന് കാരണമായി ചിലർ സാമൂഹികമാധ്യമങ്ങളിലൂടെ കിംവദന്തികൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതല്ല സർവീസുകൾ താളംതെറ്റുന്നതിന് ഇടയാക്കിയതെന്ന് സൗദിയ പറഞ്ഞു. മോശം കാലാവസ്ഥയും സാങ്കേതിക തകരാറുകളുമാണ് സർവീസുകൾക്ക് കാലതാമസം നേരിടുന്നതിന് ഇടയാക്കിയത്. അബഹ, തായിഫ്, റിയാദ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം മോശം കാലാവസ്ഥ അനുഭവപ്പെട്ടത്. ഇത് സർവീസുകളെ ബാധിച്ചു. ഇതുമൂലം അടിയന്തിര പദ്ധതി നടപ്പാക്കിയതായും സൗദിയ പറഞ്ഞു. 


അതേസമയം, സർവീസുകൾക്ക് കാലതാമസം നേരിട്ടതിന് യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. ഒരു മണിക്കൂർ വൈകിയാൽ വിമാന കമ്പനികൾ യാത്രക്കാർക്ക്  പാനീയങ്ങള്‍ വിതരണം ചെയ്യണം. 
മൂന്നു മണിക്കൂർ വൈകുന്ന പക്ഷം ഭക്ഷണം ലഭിക്കുന്നതിന് യാത്രക്കാർക്ക് അവകാശമുണ്ട്. ആറു മണിക്കൂർ വൈകിയാൽ ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചും യാത്രാ സൗകര്യവും ഏർപ്പെടുത്തുന്നതിന് വിമാന കമ്പനികൾ ബാധ്യസ്ഥമാണ്. എന്നാൽ പ്രകൃതി ദുരന്തങ്ങൾ മൂലം സർവീസുകൾക്ക് കാലതാമസം നേരിടുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ഈ അവകാശങ്ങൾ വകവെച്ചു നൽകുന്നതിന് വിമാന കമ്പനികൾ ബാധ്യതയില്ലെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. 


സർവീസുകൾക്ക് കാലതാമസം നേരിട്ടതിന് യാത്രക്കാർക്ക് സൗദിയ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ സംരക്ഷണ സംഘടന ആവശ്യപ്പെട്ടു. സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതു മൂലം പ്രയാസങ്ങൾ നേരിട്ടവർ 920008043 എന്ന നമ്പറിൽ ബന്ധപ്പെട്ട് പരാതികൾ നൽകണമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ ആവശ്യപ്പെട്ടു. 


സൗദിയക്കു കീഴിലെ മെയിന്റനൻസ് വിഭാഗം ജോലിക്കാരുടെ അലവൻസുകൾ 15 മുതൽ 20 ശതമാനം വരെ കുറച്ചതും നേരത്തെ കൈപ്പറ്റിയ പാർപ്പിട അലവൻസ് തിരികെ പിടിച്ചതും ജീവനക്കാരുടെ എണ്ണം 20 ശതമാനം കുറച്ചതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സൗദിയ സർവീസുകൾ താളംതെറ്റുന്നതിന് ഇടയാക്കിയതെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ പ്രചരിപ്പിച്ചിരുന്നു. 


വേനലവധിക്കാലത്തിന്റെ തുടക്കത്തിലും അവസാനത്തിലും യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന മറ്റു ചില സീസണുകളിലും സൗദിയിൽ എയർപോർട്ടുകളിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നതും സർവീസുകൾക്ക് കാലതാമസം നേരിടുന്നതും പതിവാണ്. മുൻ വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് സൗദിയ ഇനിയും പാഠംപഠിച്ചിട്ടില്ലെന്നും ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് സാധിച്ചില്ലെന്നുമാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നതെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. 

Latest News