ഇരിക്കൂർ - വീട് കുത്തിത്തുറന്ന് വീട്ടമ്മയെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു വർഷം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായില്ല. ഇരിക്കൂർ സിദ്ദീഖ് നഗറിലെ റുബീന മൻസിലിൽ മെരടൻ കുഞ്ഞാമിന(66)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് മരവിച്ചത്. കർണാടക സ്വദേശികളെന്നു സംശയിക്കുന്ന മൂന്നു പേരെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല.
2016 ഏപ്രിൽ 30 നു വൈകുന്നേരം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കുഞ്ഞാമിന കൊല ചെയ്യപ്പെട്ടത്. ഇവർ അണിഞ്ഞിരുന്ന ആഭരണങ്ങളും വീട്ടിൽ സൂക്ഷിച്ച പണവും നഷ്ടപ്പെട്ടിരുന്നു. കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി കഴുത്തിൽ മുറിവേൽപിച്ച നിലയിലാണ് രാത്രിയോടെ കുഞ്ഞാമിനയെ വീട്ടിനകത്ത് കണ്ടെത്തിയത്. അടുത്ത വീട്ടിൽ താമസിക്കുന്ന മകൻ വീട്ടിലെത്തിയപ്പോഴാണ് ഇവരെ പരിക്കേറ്റ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന കർണാടക സ്വദേശികളാണ് കൃത്യത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. മാസങ്ങളായി വാടകയ്ക്കു താമസിച്ചിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടുന്ന സംഘം, സംഭവം നടന്ന ദിവസം വീട് ഒഴിവാക്കി മടങ്ങിയിരുന്നു. ഇവർ നൽകിയ കർണാടകയിലെ വിലാസം വ്യാജമായിരുന്നുവെന്ന് പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കുഞ്ഞാമിനയുടെ വളകളും കമ്മലും സംഘം മുറിച്ചെടുത്തിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടു. കുഞ്ഞാമിന തനിയെയാണ് ഈ വീട്ടിൽ താമസിക്കുന്നത്. സംഭവ ദിവസം രാവിലെ ഒമ്പതു മണിയോടെയാണ് മകൻ വീട്ടിലെത്തി പാസ്‌പോർട്ട് ആവശ്യത്തിനായി പുറത്തു പോയത്. രാത്രിയോടെയാണ് തിരിച്ചെത്തിയത്. ഇതിനിടയിലാണ് കൊല നടന്നത്. കർണാടക സ്വദേശികളായ മാതാവും 25 വയസ്സുള്ള മകനും മകന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. നിട്ടൂർ മൊയ്തീന്റെ ഭാര്യയാണ് കൊല്ലപ്പെട്ട കുഞ്ഞാമിന.
വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി തെളിവു ശേഖരിച്ചിരുന്നു. വീട്ടിൽ മണം പിടിച്ച പോലീസ് നായ, റോഡ് വരെ പോയി മടങ്ങി. സമീപവാസികളിൽ നിന്നും പോലീസ് സംഘം വിവരങ്ങൾ ശേഖരിക്കുകയും ടൗണിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നും കൊലയാളി സംഘം ബസ് കാത്തിരിക്കുന്ന ചിത്രം ലഭിച്ചു. തുടർന്ന് കർണാടകയിലടക്കം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതികൾ ഉടൻ പിടിയിലാവുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് അന്വേഷണവും നിലച്ചു. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ കെ.സി.ജോസഫ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. അന്വേഷണം നടക്കുന്നുവെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ തുടർ നടപടികളുണ്ടായില്ല.






