കണ്ണൂർ - യുവതിയെ കമന്റടിച്ചുവെന്നാരോപിച്ച് യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുല്ലൂപ്പി സുബൈദ ക്വാർട്ടേഴ്‌സിലെ മനീഷ് മോഹനെ(25)യാണ് മയ്യിൽ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി നാറാത്ത് പി.എച്ച്.സിക്കു മുന്നിലെ ബസ് ഷെൽട്ടറിലാണ് കേസിനാസ്പദമായ സംഭവം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന പുല്ലൂപ്പി സ്വദേശികളായ ദിപിൽ(28), സുഹൃത്ത് ദിലീപ്(28)എന്നിവരെയാണ് കാറിലെത്തിയ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിനും ഏതാനും സുഹൃത്തുക്കൾക്കുമൊപ്പം ദിപിൽ പോയിരുന്നു. ഈ വീട്ടിൽ വെച്ച് ഒരു പെൺകുട്ടിയെ ദിലീപ് കമന്റടിച്ചുവെന്നാണ് ആരോപണം. ഈ യുവതി അപ്പോൾ തന്നെ ആർക്കോ ഫോൺ ചെയ്തിരുന്നുവത്രേ. ചടങ്ങു കഴിഞ്ഞ് രാത്രി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. യുവതിയുടെ കാമുകൻ ഉൾപ്പെടെയുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. ശ്യംലാൽ, സുഹൃത്തുക്കളായ അഖിൽ, മനീഷ് എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തിരുന്നു. വെട്ടാനുപയോഗിച്ച വടിവാളും കണ്ടെടുത്തു. ശ്യാംലാലും അഖിലും ഒളിവിലാണ്.






