ലാഹോര്‍- പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാന നഗരമായ ലാഹോറില്‍ പ്രശസ്ത സൂഫി ദര്‍ഗയായ ദാതാ ദര്‍ബാര്‍ ദര്‍ഗയ്ക്കു സമീപം സുരക്ഷാ സേനയെ ലക്ഷ്യമിട്ടു നടത്തിയ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ പോലീസ് വാഹനം പൂര്‍ണമായും തകര്‍ന്നു. 18 പേര്‍ക്ക് പരിക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. പഞ്ചാബ് പോലീസിലെ എലീറ്റ് ഫോഴ്‌സ് സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. എന്തുപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് വ്യക്തമല്ല. സംഭവം സമയത്ത് നിരവധി തീര്‍ത്ഥാടകര്‍ ദര്‍ഗയ്ക്ക് ഉള്ളിലും പുറത്തുമായി ഉണ്ടായിരുന്നുവെന്ന് സിറ്റി പോലീസ് മേധാവി ഗസന്‍ഫര്‍ അലി പറഞ്ഞു.






