റിയാദ്- സൗദിയിൽ ഓൺലൈൻ വ്യവസായത്തിന് ഗതിവേഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഇ--ബിസിനസ് നിയമാവലിക്ക് സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ബിൻ ഇബ്രാഹിം ആലുശൈഖിന്റെ അധ്യക്ഷതയിൽ ചേർന്ന ശൂറാ കൗൺസിൽ അംഗീകാരം നൽകി. സാമ്പത്തിക, ഊർജ കമ്മിറ്റി നൽകിയ ശുപാർശയിൽ ഭേദഗതികൾ വരുത്തിയാണ് ശൂറാ നിയമാവലി അംഗീകരിച്ചത്. ഉപയോക്താക്കളുടെ അവകാശങ്ങളോടൊപ്പം ഉൽപാദകരുടെ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് നിയമ വ്യവസ്ഥയിൽ വകുപ്പുകൾ വേണമെന്ന് ശൂറാ കൗൺസിൽ അംഗങ്ങൾ ചർച്ചയിൽ ആവശ്യമുന്നയിച്ചിരുന്നു. ഓൺലൈൻ വ്യാപാരം വ്യവസ്ഥാപിതമാക്കുന്നതിനായി ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം നിർദേശിക്കുക എന്നതാണ് ഇ--ബിസിനസ് നിയമാവലിയിലൂടെ ശൂറാ കൗൺസിൽ ലക്ഷ്യമിടുന്നത്.
ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളും ഉപഭോക്താക്കളും തങ്ങളുടെ ഐ.ഡി പരസ്പരം കൈമാറിയിരിക്കണമെന്ന് പുതിയ നിയമാവലി വ്യവസ്ഥ ചെയ്യുന്നു. സ്ഥാപനങ്ങളുടെയും ഉപയോക്താക്കളുടെയും അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനുള്ള ഉപാധികളും വ്യവസ്ഥകളും ഇടപാട് കരാറിൽ ഉൾപ്പെടുത്തണമെന്നും ശൂറാ അംഗീകരിച്ച നിയമാവലി വ്യക്തമാക്കുന്നു. അസിസ്റ്റന്റ് സ്പീക്കർ ഡോ. യഹ്‌യ ബിൻ അബ്ദുല്ല അൽസംആൻ ആണ് ശൂറാ കൗൺസിൽ തീരുമാനങ്ങൾ വെളിപ്പെടുത്തിയത്.